ന്യൂഡൽഹി: കേരള ബാർ കൗൺസിലിന്റെ അഭിഭാഷക ക്ഷേമനിധി ഫണ്ടിൽ തിരിമറി നടത്തിയ കേസിലെ അഞ്ച് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ സിബിഐയ്ക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സുധാൻഷു ദുലിയ എന്നിവരടങ്ങിയ ബെഞ്ചാണ് സിബിഐയ്ക്ക് നോട്ടീസ് അയച്ചത്. സി.ബി.ഐ.യാണ് ക്ഷേമനിധി ഫണ്ടിൽ തിരിമറി നടത്തി 7.61 കോടി തട്ടിയെന്ന കേസ് അന്വേഷണം നടത്തുന്നത്.
ഈ കേസിലെ ആറ് പ്രതികളായ ജയപ്രഭ, ഫാത്തിമ ഷെറിൻ, മാർട്ടിൻ എ. ആനന്ദരാജ്, ധനപാലൻ, രാജഗോപാലൻ പി. തുടങ്ങിയവരാണ് മുൻകൂർ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്. സീനിയർ അഭിഭാഷകൻ വി ചിദംബരേഷാണ് ഹർജിക്കാർക്കായി ഹാജരായത്. കേസിലെ ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കും ഇതിനോടകം സ്ഥിരം ജാമ്യം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം കോടതിയിൽ വ്യക്തമാക്കി. ഈ വാദം കേട്ട ശേഷമാണ് അന്വേഷണ ഏജൻസിയായ സിബിഐയ്ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചത്.

