സാങ്കേതിക സർവകലാശാല വിസിയായുള്ള സിസ തോമസിന്റെ നിയമനം; ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകി സംസ്ഥാന സർക്കാർ

കൊച്ചി: ഡോ. സിസ തോമസിനെ സാങ്കേതിക സർവകലാശാല താത്കാലിക വൈസ് ചാൻസലറായി ഗവർണർ നിയമിച്ചത് ശരിവെച്ച ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ കോടതിയിൽ. ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകി.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ ഡോ. സിസ തോമസിനെ താത്കാലിക വിസിയായി നിയമിച്ച ഗവർണറുടെ നടപടിക്കെതിരെയുള്ള സർക്കാരിന്റെ ഹർജി സിംഗിൾ ബഞ്ച് തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ അപ്പീൽ നൽകിയത്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയ ശേഷമാണ് സർക്കാരിന്റെ നീക്കം.

സാങ്കേതിക സർവകലാശാല താത്കാലിക വിസിയായി സിസ തോമസിന് തുടരാമെന്നായിരുന്നു സിംഗിൾ ബഞ്ച് വിധിച്ചത്. യുജിസി മാനദണ്ഡങ്ങൾ അനുസരിച്ച് വിസിയാകാൻ സിസ തോമസിന് യോഗ്യത ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളിയത്. സിസ തോമസിന്റെ നിയമനം ചെറിയ കാലയളവിലേക്കാണെന്നും അതു വിവാദമാക്കേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. സർവകലാശാലയിൽ സ്ഥിരം വിസി നിയമനം ഉടൻ നടത്തണമെന്നും കോടതി നിർദ്ദേശം നൽകിയിരുന്നു.