ഗാന്ധിനഗർ: ഗുജറാത്ത് ജനതയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ മിന്നുന്ന വിജയത്തിന് പിന്നാലെയാണ് പ്രധാനമന്ത്രി ജനങ്ങൾക്ക് നന്ദി അറിയിച്ചത്. ജനങ്ങളുടെ ശക്തിയെ നമിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. വികസന രാഷ്ട്രീയത്തെ ജനങ്ങൾ അനുഗ്രഹിച്ചുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
182 ൽ 158 സീറ്റുകളിലും വിജയിച്ചാണ് ബിജെപി ഗുജറാത്തിൽ അധികാരത്തുടർച്ച ലഭിച്ചത്. കോൺഗ്രസ് തകർന്നടിയുന്ന കാഴ്ച്ചയ്ക്കാണ് ഇന്ന് ഗുജറാത്ത് സാക്ഷ്യം വഹിച്ചത്. ഗുജറാത്തിൽ നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ തന്നെ മുഖ്യമന്ത്രിയായി തുടരും. ബിജെപി കേന്ദ്ര നേതൃത്വമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഈ മാസം 12 ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ നടത്തുക.
പ്രചാരണത്തിന്റെ ഓരോ ഘട്ടങ്ങളിലും പ്രധാനമന്ത്രിയുടെ ശക്തമായ സാന്നിദ്ധ്യം ഗുജറാത്തിൽ ഉണ്ടായിരുന്നു. വികസന നേട്ടങ്ങളായിരുന്നു തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാ വിഷയമായത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വികസന നേട്ടങ്ങൾ കൃത്യമായി ജനങ്ങളിലെത്തിക്കാൻ ബിജെപിക്ക് കഴിഞ്ഞുവെന്നതാണ് പ്രധാന നേട്ടമായത്.

