മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അതേ ഫലമാണ് നിലവില്‍ ഗുജറാത്തിലേതെന്നും എന്‍ഡിഎ വിരുദ്ധര്‍ ഭിന്നിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നമെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു. ‘കെജ്രിവാള്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു. കെജ്രിവാളിന്റെ സാന്നിധ്യം ബിജെപിക്ക് ഗുണം ചെയ്തു. ഇന്ത്യയില്‍ മുഴുവന്‍ ജനപ്രതിനിധികളെ വിലക്ക് വാങ്ങുകയാണ്. ബിജെപി രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുന്നു. ഇടതുപക്ഷം അടക്കമുള്ള പ്രതിപക്ഷ സഖ്യം വേണം’- അദ്ദേഹം പറഞ്ഞു.
അതേസമയം, ഗുജറാത്തില്‍ ഭൂപേന്ദ്രഭായ് പട്ടേല്‍ തന്നെ മുഖ്യമന്ത്രിയായി തുടരും. ഗുജറാത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷവുമായാണ് ബിജെപി അധികാരത്തിലെത്തിയത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് വെറും 18 സീറ്റിലേ ജയിക്കാനായുള്ളൂ. ആം ആദ്മി പാര്‍ട്ടി അഞ്ചിടത്ത് മുന്നിലാണ്. സമാജ്വാദി പാര്‍ടി ഒരിടത്തും, സ്വതന്ത്രര്‍ രണ്ട് ഇടത്തും മുന്നിലുണ്ട്.
ഏറ്റവും കൂടുതല്‍ കാലം ഒരു സംസ്ഥാനം തുടര്‍ച്ചയായി ഭരിച്ചതിന്റെ സിപിഎം റെക്കോര്‍ഡ് കൂടെ ഇതോടെ ബിജെപിയുടെ പേരിലാവും. അടുത്ത അഞ്ച് വര്‍ഷക്കാലം സംസ്ഥാനത്ത് അധികാരം നിലനിര്‍ത്തിയാല്‍ ബിജെപിയാകും ഈ റെക്കോര്‍ഡിന്റെ അവകാശികള്‍.

