തിയോഗ് മണ്ഡലത്തില്‍ സിപിഐഎം സ്ഥാനാര്‍ഥി രാകേഷ് സിന്‍ഹക്ക് തോല്‍വി

ഹിമാചല്‍ പ്രദേശിലെ തിയോഗ് മണ്ഡലത്തില്‍ സിപിഐഎം സ്ഥാനാര്‍ഥി രാകേഷ് സിന്‍ഹ 5000ലധികം വോട്ടുകള്‍ക്ക് തോറ്റു. ഇതോടെ സിപിഐഎമ്മിനുണ്ടായിരുന്ന ഏക സീറ്റും നഷ്ടമായി. 18,709 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന്റെ കുല്‍ദീപ് സിങ് റാത്തോര്‍ ഇവിടെ വിജയിച്ചു.

സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഇന്ദു വര്‍മ കൂടി തെരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് വന്നതോടെ തിയോഗ് മണ്ഡലത്തില്‍ നാലു പേര്‍ തമ്മിലായി മത്സരം. ബിജെപിയുടെ അജയ് ശ്യാം 13,809 വോട്ടുകളോടെ രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തുള്ള ഇന്ദു വര്‍മ 13,635 വോട്ടുകള്‍ നേടിയപ്പോള്‍ 12,003 വോട്ടുകളുമായി രാകേഷ് സിന്‍ഹ നാലാം സ്ഥാനത്തേക്ക് എത്തപ്പെട്ടു.

അതേസമയം, 2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 24,791 വോട്ടുകള്‍ നേടിയാണ് രാകേഷ് സിന്‍ഹ വിജയിച്ചത്. തൊട്ടുപിന്നാലെ 22,808 വോട്ടുകളുമായി ബിജെപിയുടെ രാകേഷ് വര്‍മയുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ ദീപക് രാഹോര്‍ 9,101 വോട്ടുകള്‍ മാത്രമാണ് അന്ന് നേടിയത്. ഈ ഫലം ആവര്‍ത്തിക്കുമെന്ന കണക്കുകൂട്ടല്‍ സിപിഐഎം ക്യാമ്പിനുണ്ടായിരുന്നെങ്കിലും പ്രതീക്ഷകള്‍ തെറ്റുന്ന സ്ഥിതിയാണുണ്ടായത്.