മംഗളൂരു സ്‌ഫോടനക്കേസ്: മുഖ്യപ്രതി മുഹമ്മദ് ഷാരിഖ് കുടകില്‍ നടന്ന പരിസ്ഥിതി ക്യാമ്പില്‍ പങ്കെടുത്തിരുന്നുവെന്ന് എന്‍ഐഎ

മൈസൂരു: മംഗളൂരു സ്‌ഫോടനക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാരിഖ് കുടകില്‍ നടന്ന പരിസ്ഥിതി ക്യാമ്പില്‍ പങ്കെടുത്തിരുന്നതായി എന്‍ഐഎ അറിയിച്ചു. എന്‍.ഐ.എ.യുടെ കസ്റ്റഡിയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയുന്ന ഷാരിഖ് തന്നെയാണ് ക്യാമ്പിനെക്കുറിച്ച് വെളിപ്പെടുത്തിയത്. സാമൂഹിക മാധ്യമത്തിലൂടെയാണ് ക്യാമ്പിനെക്കുറിച്ച് വിവരം ലഭിച്ചതെന്നാണ് ഷാരിഖ് നല്‍കിയ മൊഴി.

അതേസമയം, ഹൈദരാബാദിലെ ഒരു സ്വകാര്യ സ്ഥാപനമാണ് തെക്കന്‍കുടകിലെ വനാതിര്‍ത്തിയിലുള്ള നെമ്മലെ ഗ്രാമത്തിലെ ഹോംസ്റ്റേയില്‍ കഴിഞ്ഞ മെയില്‍ മൂന്നുദിവസത്തെ ക്യാമ്പ് നടത്തിയത്. ട്രക്കിങ്, മുള ഉല്‍പന്ന നിര്‍മാണം തുടങ്ങിയ പരിപാടികളാണ് ക്യാമ്പിലുണ്ടായിരുന്നത്. ഷാരിഖിനു പുറമേ കേസിലെ മറ്റൊരു പ്രതിയും ക്യാമ്പില്‍ പങ്കെടുത്തിരുന്നെന്ന് എന്‍.ഐ.എ.ക്ക് വിവരം ലഭിച്ചു. ആകെ 14 പേരാണ് ക്യാമ്പില്‍ പങ്കെടുത്തത്.

ക്യാമ്പിന് ഭീകരബന്ധമുണ്ടോയെന്നാണ് പരിശോധിക്കുന്നതിനായി എന്‍.ഐ.എ. സംഘം ക്യാമ്പ് നടന്ന ഹോംസ്റ്റേയിലെത്തി ഉടമസ്ഥനെ ചോദ്യം ചെയ്തിരുന്നു. വിശദമായ മൊഴി രേഖപ്പെടുത്താന്‍ ഇയാളോട് മംഗളൂരുവിലേക്ക് വരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.