സഹകരണ ഓഡിറ്റ് സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ടീം ഓഡിറ്റ് ആരംഭിച്ചു: മന്ത്രി വി.എന്‍ വാസവന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ ഓഡിറ്റ് കൂടുതല്‍ കാര്യക്ഷമവും കുറ്റമറ്റതും ആക്കുന്നതിനുള്ള ടീം ഓഡിറ്റിങ്ങിന്റെ പരിശീലനം പൂര്‍ത്തിയായി വരുന്നതായി സഹകരണവകുപ്പ് മന്ത്രി വി. എന്‍ വാസവന്‍ നിയമസഭയില്‍ അറിയിച്ചു.

മന്ത്രിയുടെ വാക്കുകള്‍

‘സഹകരണ ഓഡിറ്റ് സംവിധാനം ഫലപ്രദമായി ശക്തിപ്പെടുത്തുന്നതിനായി ആദ്യഘട്ടത്തില്‍ പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളില്‍ ടീം ഓഡിറ്റ് ആരംഭിച്ചു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് സഹകരണ വകുപ്പില്‍ ടീം ഓഡിറ്റ് സംവിധാനം നടപ്പിലാക്കുന്നതിന് തീരുമാനിച്ചത്. സംസ്ഥാനമൊട്ടാകെ ടീം ഓഡിറ്റ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി വകുപ്പിലെ എല്ലാ ഓഡിറ്റര്‍മാര്‍ക്കുമുള്ള ട്രെയിനിങ്ങ് തിരുവനന്തപുരം അഗ്രിക്കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒക്ടോബറില്‍ ആരംഭിച്ചു. ഇതുവരെ 11 ജില്ലകളിലെ ഓഡിറ്റര്‍മാരുടെ പരിശീലനം നടത്തി, ഡിസംബറോടെ എല്ലാവരുടെയും പരിശീലനം പൂര്‍ത്തിയാക്കും. സഹകരണ വകുപ്പ് ഓഡിറ്റ് ആധുനിക വത്കരണത്തിന്റെ ഭാഗമായി സിഡിറ്റ് മുഖേന നടപ്പിലാക്കിയിട്ടുള്ള ഇന്റഗ്രേറ്റഡ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റ് സിസ്റ്റം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹകരണ ഓഡിറ്റ് മോണിറ്ററിങ് & ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കി. അനഭലഷണീയപ്രവണതകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും. സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലും മറ്റ് ഫംങ്ങ്ഷണല്‍ രജിസ്ട്രാര്‍മാരുടെ നിയന്ത്രണത്തിലുമുള്ള കേരളത്തിലെ മുഴുവന്‍ സഹകരണ സംഘങ്ങളുടെ അടിസ്ഥാന വിവരങ്ങളും, ഓഡിറ്റ് സംബന്ധിച്ച വിവരങ്ങളും സഹകരണ ഓഡിറ്റ് മോണിറ്ററിങ് & ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ലൂടെ ഓണ്‍ലൈനായി www.camis.kerala.gov.in എന്ന വെബ് സൈറ്റ് മുഖാന്തിരം പൊതുജനങ്ങള്‍ക്ക് കാണുന്നതിനു സാധിക്കും. സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തന മൂലധനം/ആകെ വരുമാനം കണക്കാക്കി ഒരു ടീമില്‍ മൂന്ന് ഓഡിറ്റര്‍മാര്‍ എന്ന തരത്തില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ടീം, അസിസ്റ്റന്റ് ഡയറക്ടര്‍ ടീം, സ്‌പെഷ്യല്‍ ഗ്രേഡ് സീനിയര്‍ ഓഡിറ്റര്‍ എന്നിങ്ങനെയാണ് ടീം ഓഡിറ്റ് പൈലറ്റ് പദ്ധതിക്കായി ടീമിന്റെ ഘടന തീരുമാനിച്ചിരിക്കുന്നത്. വസ്തു ഈടുകളുടെ സാംപിള്‍ തെരഞ്ഞെടുത്ത് നേരിട്ട് പരിശോധന നടത്തുവാന്‍ ആഡിറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. അനഭലഷണീയ പ്രവണതകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും.’