ഇ-വിസ പുനരാരംഭിക്കുന്നു; ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക് ഇനി ആശ്വസിക്കാം

ലണ്ടന്‍: ശൈത്യകാല ഒഴിവു ദിനങ്ങള്‍ ആരംഭിക്കാനിരിക്കെ ബ്രിട്ടീഷ് പൗരന്മാര്‍ക്കും ഇന്ത്യയിലേക്ക് ഇ-വിസയ്ക്കുള്ള സൗകര്യമുണ്ടാകും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ചില്‍ നിര്‍ത്തലാക്കിയ ഇ-വിസ സൗകര്യമാണ് ഇപ്പോള്‍ വീണ്ടും പുനരാരംഭിക്കുന്നത്. യു. കെ, കാനഡ തുടങ്ങിയ ചില രാജ്യങ്ങളിലേക്ക് ഒഴിച്ച് മറ്റുള്ളയിടങ്ങളില്‍ ഇത് നേരത്തെ തന്നെ പുനഃസ്ഥാപിച്ചിരുന്നു.

ഇതോടെ ബ്രിട്ടീഷുകാര്‍ക്ക് ഇനി കൂടുതല്‍ എളുപ്പത്തില്‍ ഇന്ത്യ സന്ദര്‍ശിക്കാനാകുമെന്ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമി ട്വീറ്റ് ചെയ്തു. വിസ വീട്ടുപടിക്കല്‍ എത്തിക്കുന്നത് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ക്ക് ഒപ്പം ഈ വിസയും ഇനി മുതല്‍ ലഭ്യമാകും.

അതേസമയം, ഇന്ത്യയിലേക്ക് വിസ അനുവദിക്കാത്തതിനെതിരെ നേരത്തെ കടുത്ത പ്രതിഷേധം ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ ഉയര്‍ന്നിരുന്നു. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് വരാന്‍ കാലതാമസം നേരിടുകയും, വരാന്‍ സാധിക്കാത്ത സാഹചര്യവും ഉണ്ടായിരുന്നു. വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം എന്ന നിര്‍ദ്ദേശം വന്നതോടെ പൂര്‍ണ്ണ സമയ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ പലര്‍ക്കും അതിനു സാധിക്കാതെ വന്നു. ഇന്ത്യയിലേക്ക് ഇ വിസ പുനഃസ്ഥാപിക്കുവാനുള്ള തീരുമാനത്തെ ട്രാവല്‍ ഏജന്റുമാര്‍ സ്വാഗതം ചെയ്തു. ഇന്ത്യന്‍ ടൂറിസം മേഖലയ്ക്കും പുത്തനുണര്‍വ് നല്‍കുന്ന ഒരു തീരുമാനമാണിതെന്നും അവര്‍ പ്രതികരിച്ചു.