തങ്ങളുടെ പ്രദേശങ്ങളില്‍ ഒരു വികസനവും നടക്കുന്നില്ലെന്നാരോപിച്ച് തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ നാല് ഗ്രാമങ്ങളിലെ വോട്ടര്‍മാര്‍. ബെച്ചാര്‍ജി താലുക്കിലെ ബാരിയഫ ഗ്രാമവും ഖേരലു താലുക്കിലെ മൂന്ന് ഗ്രാമങ്ങളുമാണ് വോട്ട് രേഖപ്പെടുത്താതിരുന്നത്. തങ്ങളുടെ ഗ്രാമം പതിറ്റാണ്ടുകളായി നിരവധി പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും അതുകൊണ്ട് പരിഹാരമാകാതെ തെരഞ്ഞെടുപ്പിന്റെ ഭാഗമാകില്ലെന്നും അവര്‍ വ്യക്തമാക്കി.
കാലങ്ങളായി പരിഹാരമാകാതെ കിടക്കുന്ന നിരവധി വിഷയങ്ങള്‍ അധികൃതരെ അറിയിച്ചെങ്കിലും ഒന്നിനും ഇതുവരെ പരിഹാരമായിട്ടില്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ജലസംരക്ഷണ വകുപ്പ് പറഞ്ഞത് ഭൂഗര്‍ഭജലം കുടിവെള്ളത്തിന് ഉപയോഗിക്കരുതെന്നാണ്. അതു കാരണം പഴയ കുഴല്‍ക്കിണറുകള്‍ മുദ്രവെയ്ക്കുകയും ചെയ്തു. എന്നാല്‍, അതിന് പകരം പുതിയ കുഴല്‍ക്കിണറുകള്‍ ഇതുവരെ സ്ഥാപിച്ചിട്ടില്ലെന്ന് ബാരിയഫ് ഗ്രാമത്തിന്റെ സര്‍പഞ്ച് ആയ രാജു പട്ടേല്‍ വ്യക്തമാക്കി. 1968ല്‍ പണികഴിപ്പിച്ച ഗ്രാമത്തിലെ പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രത്തിന് വര്‍ഷാവര്‍ഷം വേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ല. ഈ പ്രശ്നങ്ങള്‍ എല്ലാം ചൂണ്ടിക്കാണിച്ച് ഓരോ സര്‍പഞ്ചും മൂന്ന് തവണ വീതമാണ് അധികൃതര്‍ക്ക് പരാതി നല്‍കിയത്. എന്നാല്‍ അവയൊന്നും പരിഹരിക്കപ്പെട്ടില്ല എന്ന് മാത്രമല്ല നര്‍മ്മദയിലെ ജലം എല്ലാ ഗ്രാമങ്ങളിലും എത്തിക്കാനുള്ള നടപടിയും ഇതുവരെ ഫലവത്തായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതോടെ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ഗ്രാമനിവാസികള്‍ തീരുമാനിക്കുകയായിരുന്നു. ഏകദേശം ഒരു മണിവരെ ഈ ഗ്രാമങ്ങളിലെ ഒരാള്‍ പോലും വോട്ട് ചെയ്യാന്‍ എത്തിയിരുന്നില്ല. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് മെഹ്സാന ജില്ലാ കളക്ടര്‍ എഴുതി ഉറപ്പു നല്കുകയാണെങ്കില് മാത്രമേ വോട്ട് ചെയ്യൂവെന്നായിരുന്നു ഗ്രാമത്തിന്റെ തീരുമാനം. രൂപന്‍ നദി പുനരുദ്ധീകരിക്കുക, നര്‍മ്മദയിലെ ജലം ഗ്രാമത്തിലെ എല്ലാ കുടിവെള്ള സ്രോതസ്സുകളിലും എത്തിക്കുക എന്നതാണ് ഇവരുടെ പ്രധാന ആവശ്യം.

