കോവിഡ് വൈറസ് മനുഷ്യനിര്‍മിതം, വുഹാന്‍ ലാബിലുണ്ടാക്കിയത്; വെളിപ്പെടുത്തലുകളുമായി മുന്‍ ശാസ്ത്രജ്ഞന്‍

ലണ്ടന്‍: കോവിഡ് മഹാമാരിക്ക് കാരണമായ സാര്‍സ്-കോവി-2 വൈറസ് ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നാണ് ചോര്‍ന്നതെന്ന് റിപ്പോര്‍ട്ട്. വൈറസ് മനുഷ്യനിര്‍മിതമാണെന്നും ശാസ്ത്രജ്ഞന്‍ ആന്‍ഡ്രൂ ഹഫ് ‘ദ് ട്രൂത്ത് എബൗട്ട് വുഹാന്‍’ എന്ന പുസ്തകത്തില്‍ അവകാശപ്പെട്ടു.

ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള സന്നദ്ധസംഘടനയായ ‘ഇക്കോഹെല്‍ത്ത് അലയന്‍സി’ന്റെ മുന്‍ വൈസ് പ്രസിഡന്റാണ് ഹഫ്. യു.എസ്. സര്‍ക്കാരിന്റെ സഹായത്തോടെ വുഹാന്‍ ലാബില്‍ കൊറോണ വൈറസുകളെക്കുറിച്ചു നടത്തിയ ഗവേഷണത്തിന്റെ അനന്തരഫലമാണ് സാര്‍സ്-കോവി-2 എന്നാണ് ഹഫ് തന്റെ പുസ്തകത്തില്‍ പറയുന്നത്. വൈറസ് പൊട്ടിപ്പുറപ്പെട്ട അന്നുതന്നെ ഇത് ലാബിലുണ്ടാക്കിയതാണെന്ന് ചൈനയ്ക്ക് അറിയാമായിരുന്നെന്നും അപകടകരമായ ജൈവ സാങ്കേതികവിദ്യ ചൈനയ്ക്കു കൈമാറിയതില്‍ യു.എസ് സര്‍ക്കാരിനെയും കുറ്റപ്പെടുത്തണമെന്നും ഹഫ് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഭാവിയില്‍ മനുഷ്യരുള്‍പ്പെടെയുള്ള ജീവികളെ ബാധിക്കാനിടയുള്ള വൈറസുകളെ ലാബില്‍ ഉണ്ടാക്കാനും അവ ബാധിച്ചാല്‍ എങ്ങനെ നേരിടാമെന്നു പഠിക്കാനും വര്‍ഷങ്ങളായി ഇക്കോഹെല്‍ത്ത് അലയന്‍സ് വുഹാന്‍ ലാബിനെ സഹായിക്കുന്നുണ്ട്. യു.എസ്. സര്‍ക്കാരിന്റെ വൈദ്യശാസ്ത്ര ഗവേഷണ ഏജന്‍സിയായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ സഹായധനത്തോടെ വവ്വാലുകളിലെ കൊറോണ വൈറസുകളെപ്പറ്റി പഠിക്കുന്ന സംഘടനയാണ് ഇക്കോഹെല്‍ത്ത് അലയന്‍സ്.