വന്ദേ ഭാരത് ട്രെയിനുകൾ കയറ്റുമതി ചെയ്യാൻ ഇന്ത്യൻ റെയിൽവേ; മൂന്ന് വർഷത്തിനുള്ളിൽ 475 വന്ദേ ഭാരത് ട്രെയിനുകൾ നിർമ്മിക്കും

ന്യൂഡൽഹി: വന്ദേ ഭാരത് ട്രെയിനുകൾ കയറ്റുമതി ചെയ്യാൻ ഇന്ത്യൻ റെയിൽവേ. 2025-26 ഓടെ വന്ദേഭാരത് ട്രെയിനുകൾ കയറ്റുമതി ചെയ്യാനാണ് റെയിൽവേ പദ്ധതിയിടുന്നത്. തദ്ദേശീയമായി നിർമ്മിച്ച ട്രെയിനുകളുടെ സ്ലീപ്പർ പതിപ്പ് 2024 ആദ്യ പാദത്തോടെ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി നിർമ്മിക്കുമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 475 വന്ദേ ഭാരത് ട്രെയിനുകൾ നിർമ്മിക്കാനുള്ള പാതയിലാണ് റെയിൽവേ. ഉത്പ്പന്നത്തെക്കുറിച്ച് ആഗോള വിപണികളിൽ ആത്മവിശ്വാസം ഉണ്ടാകും. വന്ദേ ഭാരത് ട്രെയിനുകൾ എല്ലാ അന്താരാഷ്ട്ര നിലവാരവും പാലിക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. യൂറോപ്പ്, തെക്കേ അമേരിക്ക, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ വിപണികളിലേക്കാണ് വന്ദേഭാരത് ട്രെയിനുകൾ കയറ്റി അയക്കുന്നത്.

2025-26 ഓടെ റെയിൽവേ ആഗോള സ്ഥാപനങ്ങളുമായി ചേർന്ന് ഇന്ത്യയിൽ വളഞ്ഞ ട്രാക്കുകളിൽ വേഗത കുറയ്ക്കാതെ ഓടാൻ കഴിയുന്ന ‘ടിൽറ്റിങ് ട്രെയിനുകൾ’ വികസിപ്പിക്കാനും തയ്യാറെടുക്കുന്നുണ്ട്.