‘ഷെയര്‍ ഓട്ടോ’: കൊച്ചിയില്‍ ഇനി ഓട്ടോ യാത്ര കുറഞ്ഞ ചിലവില്‍

കൊച്ചിയില്‍ യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ഓട്ടോറിക്ഷകളില്‍ സഞ്ചരിക്കുന്നതിനായി ഷെയര്‍ ഓട്ടോ പദ്ധതിക്ക് രൂപം നല്‍കാന്‍ അനുമതി. ജില്ലാ കളക്ടര്‍ രേണു രാജിന്റെ അധ്യക്ഷതയില്‍ നടന്ന എറണാകുളം റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗമാണ് അനുമതി നല്‍കിയത്. മെട്രോപ്പൊലിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് കീഴിലാണ് പദ്ധതി നടപ്പാക്കുക.

അതേസമയം, ഷെയര്‍ ഓട്ടോകളില്‍ എത്ര പേര്‍ക്ക് യാത്ര ചെയ്യാം, ഏതൊക്കെ സ്ഥലങ്ങളില്‍ വേണം, നിരക്ക് തുടങ്ങിയവയെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആര്‍.ടി.എ സെക്രട്ടറിയായ എറണാകുളം ആര്‍.ടി.ഒ ജി. അനന്തകൃഷ്ണനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതിനിടെ, തൃക്കാക്കര പൈപ്പ് ലൈന്‍ ജങ്ഷനിലെ ഗതാഗത കുരുക്കിന് കാരണമായിരുന്ന രണ്ട് ബസ് സ്റ്റോപ്പുകള്‍ നിലവിലുള്ള സ്ഥലങ്ങളില്‍നിന്ന് 40, 80 മീറ്റര്‍ ദൂരെ മാറ്റി സ്ഥാപിക്കാനും തീരുമാനിച്ചു. ട്രിപ്പ് മുടക്കിയ പൂത്തോട്ട-ആലുവ റൂട്ടിലും പെരുമ്പടപ്പ്-ഫോര്‍ട്ട് കൊച്ചി റൂട്ടിലും സര്‍വീസ് നടത്തിയിരുന്ന രണ്ട് ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുകയപം ചെയ്തു.