‘ദി കശ്മീര്‍ ഫയല്‍സ്’: നാദവ് ലാപിഡിന്റെ പരാമര്‍ശത്തില്‍ അനുപം ഖേറിനോട് മാപ്പു പറഞ്ഞ് ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍

വിവേക് അഗ്നിഹോത്രിയുടെ ‘ദി കശ്മീര്‍ ഫയല്‍സി’നെക്കുറിച്ചുള്ള ഗോവന്‍ ചലച്ചിത്രമേള ജൂറി ചെയര്‍മാന്‍ നാദവ് ലാപിഡിന്റെ പരാമര്‍ശം വിവാദമായതോടെ ചിത്രത്തിലെ അഭിനേതാവായ നടന്‍ അനുപം ഖേറിനോട് മാപ്പു പറഞ്ഞ് ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ കോബി ശോഷാനി. ലാപിഡിന്റെ പ്രസ്താവന ഇസ്രയേലിലെ ചെറിയൊരു വിഭാഗത്തിന്റെ മാത്രം അഭിപ്രായം ആണെന്നും അത് രാജ്യത്തിന്റെ പൊതു അഭിപ്രായം അല്ലെന്നും ശോഷാനി വ്യക്തമാക്കി. താന്‍ കാശ്മീര്‍ ഫയല്‍സ് കണ്ടിരുന്നു എന്നും അത് തന്റെ ഹൃദയത്തെ സ്പര്‍ശിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എന്നെ നേരിട്ടെത്തി കണ്ടതിന് ഇന്ത്യയിലെ ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ കോബി ശോഷാനിക്ക് നന്ദി. ഒരു വ്യക്തിയുടെ പ്രസ്താവനകള്‍ നമ്മുടെ സൗഹൃദത്തെ ബാധിക്കില്ല. നിങ്ങളുടെ നല്ല മനസിനെയും ദയയെയും ഞാന്‍ അഭിനന്ദിക്കുന്നു’- അനുപം ഖേര്‍ ട്വീറ്റ് ചെയ്തു. ലാപിഡിന്റെ അഭിപ്രായത്തെ അപലപിക്കുന്ന കോബി ശോഷാനിയുടെ വീഡിയോയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, അനുപം ഖേറിനെ കൂടാതെ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി, അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ പല്ലവി ജോഷി, ചിത്രത്തില്‍ അഭിനയിച്ച ദര്‍ശന്‍ കുമാര്‍ എന്നിവരും ലാപിഡിന്റെ അഭിപ്രായത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ‘സത്യം പറയുന്നതാണ് ഏറ്റവും അപകടകരമായ കാര്യം. അതിനാലാണ് ആളുകള്‍ കള്ളം പറയുന്നത്’-എന്നാണ് വിവേക് അഗ്‌നിഹോത്രി ട്വീറ്റ് ചെയ്തത്. 1990കളിലെ കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെയും അതിലേക്ക് നയിച്ച സംഭവങ്ങളെയും അടിസ്ഥാനമാക്കിയാണ് വിവേക് അഗ്‌നിഹോത്രി ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നതെന്ന് നടന്‍ ദര്‍ശന്‍ കുമാര്‍ പറഞ്ഞു. ‘ഓരോരുത്തര്‍ക്കും അവരുടേതായ അഭിപ്രായങ്ങളുണ്ട്. നീതിക്കു വേണ്ടി ഇപ്പോഴും പോരാടുന്ന കശ്മീരി പണ്ഡിറ്റുകളുടെ ദയനീയാവസ്ഥ ചിത്രീകരിച്ച ചിത്രമാണ് ദി കശ്മീര്‍ ഫയല്‍സ് എന്ന വസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ല’- ദര്‍ശന്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.