അഫ്ഗാനിസ്ഥാനിൽ വീണ്ടും സ്‌ഫോടനം; പത്ത് കുട്ടികളുൾപ്പെടെ 16 പേർ കൊലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും സ്‌ഫോടനം. അഫ്ഗാനിലെ മദ്രസയിൽ നടന്ന സ്‌ഫോടനത്തിൽ പത്ത് കുട്ടികളുൾപ്പെടെ 16 പേർ കൊലപ്പെട്ടതായാണ് റിപ്പോർട്ട്. 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കൻ നഗരമായ അയ്ബനിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും കൂടുതലും കുട്ടികളാണെന്ന് അയ്ബനിലുള്ള ആശുപത്രിയിലെ ഡോക്ടർ വ്യക്തമാക്കിയിട്ടുണ്ട്.

സ്‌ഫോടനത്തിൽ പത്ത് വിദ്യാർത്ഥികൾ കൊലപ്പെട്ടതായാണ് വിദേശമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, സ്‌ഫോടനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും ഇതുവരെ രംഗത്തെത്തിയിട്ടില്ല.

ഒക്ടോബർ മാസത്തിൽ കാബൂളിലെ ശാഹിദ് മസ്റായി റോഡിലെ പുലെ സുഖ്ത പ്രദേശത്തെ ട്യൂഷൻ സെന്ററിൽ ചാവേർ ആക്രമണം നടത്തിയിരുന്നു. 53 പേരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 46 പെൺകുട്ടികളും സ്ത്രീകളും ആക്രമണത്തിൽ കൊല്ലപ്പെടുകയും 83 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിദ്യാർത്ഥികൾ സർവ്വകലാശാലാ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്.