പ്രൊഫഷണൽസ് കോൺഗ്രസ് സംസ്ഥാന കോൺക്ലേവ്; ശശി തരൂരിനെ പുകഴ്ത്തി യുവനേതാക്കൾ

കൊച്ചി: ശശി തരൂർ എം.പിയെ പുകഴ്ത്തി കോൺഗ്രസിലെ യുവനേതാക്കൾ. പ്രൊഫഷണൽസ് കോൺഗ്രസ് സംസ്ഥാന കോൺക്ലേവിലാണ് യുവ നേതാക്കൾ ശശി തരൂരിനെ പുകഴ്ത്തിയത്. ഹൈബി ഈഡൻ എംപി, മാത്യു കുഴൽനാടൻ എംഎൽഎ, യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ കെ എസ് ശബരീനാഥൻ എന്നിവരാണ് തരൂരിനെ പുകഴ്ത്തി സംസാരിച്ചത്. ലോകം തരൂരിന്റെ വാക്കുകൾക്കായി കാതോർത്തിരിക്കുകയാണെന്ന് ഹൈബി ഈഡൻ അഭിപ്രായപ്പെട്ടു.

ലോകമെമ്പാടും പണം കൊടുത്ത് തരൂരിന്റെ പ്രസംഗം കേൾക്കാൻ ആൾക്കാർ ഉണ്ട്. ഈ അടുത്ത് മെൽബണിൽ ഒരു പരിപാടിക്കായി പോയപ്പോൾ അവിടുത്തെ വിദേശ കാര്യമന്ത്രിയും ആളുകളുമായി എല്ലാം സംസാരിച്ചിരുന്നു. അവരെല്ലാം ഇന്ത്യയെക്കുറിച്ച് സംസാരിക്കുമ്പോൾ തരൂരിനെ പറ്റിയാണ് പറയുന്നത്. തരൂർ കാലഘട്ടത്തിന്റെ ആവശ്യമാണ്. അദ്ദേഹത്തിന്റെ വിലപ്പെട്ട സമയമാണ് പ്രൊഫഷണൽ കോൺക്ലേവിന് വേണ്ടി നൽകുന്നത്. അത് കൃത്യമായ ഉപയോഗിക്കണം. തരൂരിന്റെ പൊട്ടൻഷ്യൽ കോൺഗ്രസ് പാർട്ടിയും കൃത്യമായി ഉപയോഗിക്കണമെന്നും ഹൈബി ഈഡൻ വ്യക്തമാക്കി.

ഐക്യത്തോടു കൂടി കളിക്കുന്ന ടീമിനാണ് ഫുട്ബോളിൽ വിജയിക്കാൻ കഴിയുകയെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. എത്ര വലിയ സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും കളി ജയിച്ചുകൊള്ളണമെന്നില്ല. ഗോളടിക്കുന്നവനാണ് സ്റ്റാർ ആവുക. അവരുടെ ഫ്ളെക്സ് ബോർഡുകളും ഒക്കെ വരിക. ഫോർവേഡ് കളിക്കുന്നവർക്കാണ് ഏറ്റവും കൂടുതൽ ലൈം ലൈറ്റും പ്രാധാന്യവും ലഭിക്കുക. പക്ഷേ അതേസമയം തന്നെ ആ ടീമിനെ പിടിച്ചുനിർത്തുന്ന ഒരു ഗോളിയുണ്ട്. യഥാർഥത്തിൽ പാർട്ടി പ്രവർത്തകരാണ് ഗോളിയെന്നാണ് താൻ കരുതുന്നത്. അവരെ നിരാശരാക്കുന്ന ഒരു നിലപാടും സമീപനവും പാർട്ടി നേതാക്കന്മാരിൽ നിന്ന് ഉണ്ടാവരുത് എന്നതാണ് ആഗ്രഹം. ഇതിനിടയിൽ ഫൗൾ ചെയ്യുന്ന ആളുകളുമുണ്ടാകും. എതിരാളികളെയാണ് അല്ലാതെ കൂട്ടത്തിലുള്ളവരെ അല്ല ഫൗൾ ചെയ്യേണ്ടതെന്നും അദ്ദേഹം അറിയിച്ചു.

ആരെയും ബെഞ്ചിലിരുത്താതെ എല്ലാവരെയും മുന്നോട്ടു കൊണ്ടുവരികയാണെങ്കിൽ പാർട്ടിക്കും നാടിനും ഗുണമുണ്ടാകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ കെ എസ് ശബരീനാഥൻ പറഞ്ഞു.