ഗവര്‍ണര്‍മാര്‍ അതിരുവിടുന്നു; വിമര്‍ശനവുമായി പി. ചിദംബരം

ചെന്നൈ: കേരളത്തില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് തുടരുന്നതിനിടെ ഗവര്‍ണര്‍മാരെ നിശിതമായി വിമര്‍ശിച്ച് മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. ഒരു ദേശീയ മാദ്ധ്യമത്തിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ബ്രിട്ടണിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മോഡല്‍ ഭരണഘടന രാജ്യത്ത് കടമെടുത്തതാണ് ഗവര്‍ണറുടെ അധികാരം. സര്‍ക്കാര്‍ ഗവര്‍ണറുടെ പേരിലാണ് ഭരിക്കപ്പെടുന്നത് എന്നതിന് നിയന്ത്രണങ്ങളുണ്ട്. കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ബന്ധുനിയമനത്തിന് നിര്‍ദ്ദേശം പോകുന്നത് അറിയാത്തത് മുഖ്യമന്ത്രിയുടെ കഴിവുകേടാണെന്ന് പറഞ്ഞ ഗവര്‍ണര്‍ അദ്ദേഹം ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ലാത്തയാളാണെന്ന് തെളിയിക്കുന്നതാണ്’- ചിദംബരം ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയെ പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞതും ലേഖനത്തിലുണ്ട്.

അതേസമയം, കേരളത്തിലെ മാത്രമല്ല മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത്സിംഗ് കോഷിയാരിയെയും ചിദംബരം തന്റെ ലേഖനത്തില്‍ വിമര്‍ശിച്ചു. തമിഴ്നാട്ടിലെയും മഹാരാഷ്ട്രയിലെയും ഗവര്‍ണര്‍മാര്‍ അതിരുവിടുകയാണെന്നും മുഖ്യമന്ത്രിയാകാന്‍ ഗവര്‍ണര്‍മാര്‍ ആഗ്രഹിക്കുകയാണെന്നും അദ്ദേഹം പരിഹസിക്കുന്നു.