ആര് പ്രധാനമന്ത്രിയാകണമെന്ന് ജനം തീരുമാനിക്കുമെന്നും കെ.സി വേണുഗോപാല്‍

ഡല്‍ഹി: രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനായി നടത്തുന്നതല്ല ഭാരത് ജോഡോ യാത്രയെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ രംഗത്ത്. ‘അത്തരത്തില്‍ മാത്രമുള്ള പ്രചരണ നടത്തി യാത്രയുടെ മൂല്യത്തെ വില കുറച്ച് കാണിക്കരുത്. രാജ്യത്ത് ആര് പ്രധാനമന്ത്രിയാകണമെന്ന് ജനം തീരുമാനിക്കും. രാജസ്ഥാന്‍ വിഷയം പാര്‍ട്ടി നേതൃത്വം രമ്യമായി പരിഹരിക്കും. രാജസ്ഥാനില്‍ ‘കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തും’- അദ്ദേഹം പറഞ്ഞു.

അതേസമയം, രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും അശോക് ഗഹ്ലോട്ടും തമ്മിലുള്ള പോര് പരസ്യമായി തുടരുകയാണ്. തര്‍ക്കം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ഇടപെടുന്നുവെന്നാണ് സൂചന. പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ നേരില്‍ കാണും. അധ്യക്ഷനാകുന്നതിന് മുന്‍പ് രാജസ്ഥാന്‍ വിഷയം പരിഹരിക്കാന്‍ നിയോഗിച്ച സംഘത്തില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ഉണ്ടായിരുന്നു. സംസ്ഥാനത്ത് നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ നിഷേധിക്കുന്ന കെ.സി വേണുഗോപാലും ഈ മാസം 29ന് രാജസ്ഥാനിലെത്തും.

നിയമസഭ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിപദത്തിനായുള്ള ചരടുവലികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അശോക് ഗെഹ്‌ലോട്ട് രാജസ്ഥാനിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ച ചതിയന് മുഖ്യമന്ത്രിയാകാനാകില്ലെന്ന പരാമര്‍ശം നടത്തിയത്. ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ എത്തുന്നതിന് മുമ്ബ് പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്നത് തടയാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം.