കോൺഗ്രസ് നേതാക്കൾ ഒരിക്കലും ഗാന്ധിയൻ മൂല്യങ്ങൾ പിന്തുടരാൻ ശ്രമിച്ചിട്ടില്ല; വിമർശനവുമായി പ്രധാനമന്ത്രി

അഹമ്മദാബാദ്: കോൺഗ്രസിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് നേതാക്കൾ ഒരിക്കലും ഗാന്ധിയൻ മൂല്യങ്ങൾ പിന്തുടരാൻ ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച ഗുജറാത്തിലെ ബവ്ല ഗ്രാമത്തിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹത്തിന്റെ പരാമർശം. രാജ്യത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന് മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട്. എന്നാൽ ഇത്തരം മൂല്യങ്ങളൊന്നും പിന്തുടരാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കോൺഗ്രസ് ഭരണത്തിന് കീഴിൽ അവർ ഗ്രാമങ്ങളെ തഴഞ്ഞു. കോൺഗ്രസ് നേതാക്കൾ ഗ്രാമങ്ങളുടെ സാധ്യതകളും തിരിച്ചറിഞ്ഞില്ല. കോൺഗ്രസ് ഭരണത്തിന്റെ ഫലം നഗരവും ഗ്രാമവും തമ്മിലുള്ള അകൽച്ച മാത്രമായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു. എല്ലാവരും ഇന്ന് പഞ്ചായത്ത് രാജ് വ്യവസ്ഥയെ അഭിനന്ദിക്കുന്നുണ്ട്. എന്നാൽ കോൺഗ്രസ് ഭരണകാലത്ത് വകുപ്പിനായി നീക്കി വെച്ച ബജറ്റ് വെറും 100 കോടി രൂപയായിരുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ബി.ജെ.പി അധികാരത്തിൽ വന്നതിൽ പിന്നെ ഗ്രാമങ്ങളിൽ വൈദ്യുതിയും വെള്ളവും ലഭ്യമായി. ഇത്തരം സൗകര്യങ്ങൾക്കായി നഗരങ്ങളിലേക്ക് പാലായനം ചെയ്യേണ്ട സ്ഥിതി നിലവിലില്ലെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.