ന്യൂഡൽഹി: മംഗളൂരു നാഗൂരിയിൽ ഓട്ടോറിക്ഷയിൽ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിയ്ക്ക് കൈമാറാൻ ശുപാർശ. ഇക്കാര്യം ആവശ്യപ്പെട്ട് കർണാടക സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. മംഗളൂരു സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് റെസിസ്റ്റൻസ് കൗൺസിൽ എന്ന സംഘടന രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കർണാടക സർക്കാരിന്റെ നടപടി.
മംഗളൂരു പൊലീസ് ഇന്റലിജൻസ് വിഭാഗത്തിന് സംഘടനയുടെ പേരിൽ ലഭിച്ച കത്തിലാണ് സ്‌ഫോടനത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത്. പ്രശസ്തമായ കദ്രി മഞ്ജുനാഥ ക്ഷേത്രം ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനം നടന്നതെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരമൊരു സംഘടനയെക്കുറിച്ച് നേരത്തെ അറിവില്ലെന്നും പോലീസ് വിശദമാക്കുന്നു. അതേസമയം, കത്ത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. സംഘടനയുടെ പേര് ആദ്യം കേൾക്കുകയാണെന്നും കത്തിന്റെ ആധികാരികതയെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇംഗ്ലിഷിലാണ് കത്ത് ലഭിച്ചത്. ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുകയും അടിച്ചമർത്തൽ നിയമങ്ങൾ നടപ്പാക്കുകയും ചെയ്യുന്നതിനെതിരായ തിരിച്ചടിയാണ് ഉദ്ദേശിക്കുന്നതെന്നാണ് കത്തിൽ പറയുന്നത്.
അതേസമയം, സ്‌ഫോടനം നടത്തിയയാൾ തീവ്രവാദക്കേസിൽ പോലീസ് തിരയുന്ന പ്രതിയാണെന്ന് പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. തീർഥഹള്ളി സ്വദേശിയായ മുഹമ്മദ് ഷാരീഖ് (24) ആണ് മംഗളൂരുവിൽ സ്ഫോടനം നടത്തിയതെന്നാണ് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞത്.

