തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ലഹരിമാഫിയയെയും ഗുണ്ടാ സംഘങ്ങളെയും നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാരും ആഭ്യന്തരവകുപ്പും വൻ പരാജയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലഹരിമാഫിയ കേരളത്തിൽ അഴിഞ്ഞാടുന്നതിന് ഒടുവിലത്തെ ഉദാഹരണമാണ് തലശ്ശേരിയിലെ ഇരട്ടക്കൊലപാതകമെന്നും സംസ്ഥാനത്ത് ക്രമസമാധാനം പൂർണ്ണമായും തകർന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീപക്ഷ വാദത്തിന്റെ മറവിൽ നിന്നുകൊണ്ട് സ്ത്രീപീഡനവും, കുട്ടികളുടെ അവകാശ പോരാളികളായി വേഷം കെട്ടി പോക്‌സോ കുറ്റങ്ങളും , സഹകാരികളുടെ കുപ്പായം ഇട്ട് സഹകരണ ബാങ്ക് കൊള്ളയുമൊക്കെ നടത്തുന്ന നേതാക്കളെയും പ്രവർത്തകരെയും അതിനു യോജിച്ച ക്രിമിനൽ സംവിധാനത്തിലൂടെ വളരെ ശ്രദ്ധയോടെ പരിശീലിപ്പിച്ച് വളർത്തി എടുക്കുന്ന പ്രസ്ഥാനമായി സിപിഎം മാറിയിരിക്കുന്നു. കേരളത്തിൽ ഓടുന്ന കെ.എസ്.ആർ.ടി.സി ബസ്സുകളിൽ പിണറായി വിജയന്റെ ചിരിക്കുന്ന ഫോട്ടോ വെച്ച് ലഹരി വിമുക്ത കേരളം എന്ന് എഴുതിയാൽ കേരളം ലഹരി മുക്തമാകില്ല. കരുത്തുള്ള ഭരണകൂടവും ധൈര്യത്തോടെയുള്ള നടപടികളും അതിനാവശ്യമാണ്.സിപിഎം ആദ്യം സ്വന്തം പ്രദേശിക കമ്മറ്റി ഓഫീസുകളും നേതാക്കളുടെ വീടുകളും ലഹരി മുക്തമാക്കി ജനങ്ങളുടെ മുന്നിൽ മാതൃകയാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ലഹരി വലിപ്പിക്കുന്ന സഖാക്കൾ ആയാലും ലഹരി വിറ്റ കള്ളപ്പണം വെളുപ്പിക്കുന്ന സഖാക്കൾ ആയാലും അവരെ പുറത്ത് നിർത്താനും കർശന നിയമ നടപടികൾ സ്വീകരിക്കാനും തയ്യാറായില്ലെങ്കിൽ കേരളം മറ്റൊരു കൊളംബിയ ആയി മാറും എന്നതിൽ സംശയമില്ല. പൊലീസും ഗുണ്ടകളും മാഫിയാ സംഘങ്ങളും തേർവാഴ്ച നടത്തുകയാണ്. ലഹരിമാഫിയ കേരളത്തിൽ പിടിമുറുക്കി. അതിന് കാരണം സിപിഐഎമ്മിലെയും പൊലീസ് സേനയിലെ ചിലരും ലഹരിമാഫിയയും തമ്മിലുള്ള അവിശുദ്ധ കൂട്ടുക്കെട്ടും അന്തർധാരയുമാണ്. തലശ്ശേരിയിലെ ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതിയായ പാറായി ബാബു ഡിവൈഎഫ് ഐ പ്രവർത്തകൻ കൂടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാത്തരം അക്രമങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നിലയിലേക്ക് സിപിഎം അധപതിച്ചു. നീതിന്യായ പരിപാലനം പോലും നടത്താൻ കഴിയാത്ത കഴിവുകെട്ട സർക്കാരാണ് കേരളത്തിലേത്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

