തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍ ആര്യ രാജേന്ദ്രന്റേത് എന്ന നിലയില്‍ പുറത്തുവന്ന കത്ത് വ്യാജമാണോയെന്ന് അന്വേഷിക്കാന്‍ ഉത്തരവിട്ട് ഡി.ജി.പി അനില്‍കാന്ത്. വ്യാജരേഖ ചമച്ചതിനെതിരെ കേസെടുക്കുമെന്നും ഏത് യൂണിറ്റാണ് അന്വേഷണം നടത്തേണ്ടതെന്ന് ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കുമെന്നും ഡിജിപി വ്യക്തമാക്കി. കത്ത് സംബന്ധിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് തിങ്കളാഴ്ച ഡിജിപിക്ക് കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ട് അനുസരിച്ച്, കത്ത് വ്യാജമാണോ അല്ലയോ എന്ന് വ്യക്തമായിട്ടില്ല. ഇതേത്തുടര്‍ന്നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്താന്‍ ഡിജിപി ഉത്തരവിട്ടത്.
അതേസമയം, കത്ത് വിവാദത്തില്‍ മേയര്‍ രാജിവെക്കേണ്ടെന്നാണ് സി.പി.എം സെക്രട്ടേറിയേറ്റിന്റെ തീരുമാനം. പൊലീസ് അന്വേഷണം കഴിയും വരെ കൂടുതല്‍ നടപടികള്‍ വേണ്ടെന്നും ധാരണയായി. മേയര്‍ ആര്യ രാജേന്ദ്രന്‍, മേയറുടെ ഓഫീസ് ജീവനക്കാര്‍, സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവരില്‍ നിന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നേരത്തെ മൊഴി രേഖപ്പെടുത്തിയിരുന്നു. ആനാവൂര്‍ നാഗപ്പന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുമായി ഫോണില്‍ സംസാരിച്ചു എന്നാണു വിവരം.
കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിലെ 295 താല്‍ക്കാലിക ഒഴിവുകളിലേക്ക് സിപിഎമ്മുകാരെ ശുപാര്‍ശ ചെയ്യാനാവശ്യപ്പെട്ട് ജില്ലാ സെക്രട്ടറിയ്ക്ക് മേയറിന്റെ പേരില്‍ അയച്ച കത്ത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. കത്ത് എഡിറ്റ് ചെയ്തതാണെന്നും തനിക്കും പാര്‍ട്ടിക്കുമെതിരെ കുറച്ച് കാലമായി പ്രചാരണം നടത്തുന്നവരുടെ രാഷ്ട്രീയ പ്രേരിത നീക്കമാമാണിതെന്ന് താന്‍ സംശയിക്കുന്നുവെന്നുമാണ് മേയര്‍ ആര്യാ രാജേന്ദ്രന്റെ വാദം.

