മംഗളൂരു സ്‌ഫോടനം: ഷാരിഖിന് ഐസ്‌ഐഎസുമായി ബന്ധം; സ്‌ഫോടന സാമഗ്രികള്‍ എത്തിയത് ആലുവയില്‍ നിന്നെന്നും റിപ്പോര്‍ട്ട്

ബംഗളൂരു: മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായ ശിവമോഗ സ്വദേശി ഷാരിഖിന് ഐസ്‌ഐഎസുമായി ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഷാരിഖ് വ്യാജ സിം കാര്‍ഡ് സംഘടിപ്പിച്ചത് കോയമ്ബത്തൂരില്‍ നിന്നാണെന്നും അന്വേഷണ സംഘത്തിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തീവ്രവാദികളുമായി ഇയാളുടെ ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കര്‍ണാടക എഡിജിപി അലോക് കുമാര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം, ഷാരിഖിന്റെ കൈവശമുണ്ടായിരുന്ന ആധാര്‍ കാര്‍ഡ് വ്യാജമാണെന്ന് കണ്ടെത്തി. ഹുബ്ബള്ളിയില്‍ മേല്‍വിലാസമുള്ള പ്രേംരാജ് ഹുതാഗിയുടെ പേരില്‍ ഉള്ളതാണത്. തുംകൂറില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ചെയ്യുന്നയാളാണ് പ്രേംരാജ് ഹുതാഗി. ആറ് മാസം മുമ്ബ് പ്രേംരാജിന്റെ ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടിരുന്നു. മൈസുരുവില്‍ മെറ്റഗള്ളി ലോക നായക് നഗറിലാണ് പ്രതി ഒരു മാസത്തിലേറെയായി താമസിച്ചിരുന്നത്. കൂടാതെ ഇയാള്‍ കേരളത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായും ഏറണാകുളത്തു നിന്ന് സഹായം ലഭിച്ചുവെന്നും സ്‌ഫോടനം നടത്താനുള്ള ചില സാമഗ്രികള്‍ എത്തിയത് ആലുവയില്‍ നിന്നാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മംഗലാപുരം റെയില്‍വേസ്റ്റേഷനില്‍ നിന്ന് നാഗൂരിലെ ബസ് സ്റ്റാന്റിലേക്ക് പോകാനായി മംഗളുരു സ്വദേശിയായ പുരുഷോത്തമന്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷയിലാണ് ഷാരിഖ് കയറിയത്. യാത്രയ്ക്കിടെ ഘര്‍ഷണം മൂലം ചൂടുണ്ടായപ്പോഴാണ് സ്‌ഫോടനം നടന്നതെന്നാണ് സംശയം. പ്രതിയുടെ ബാഗില്‍ നിന്ന് എന്തോ പൊട്ടിത്തെറിച്ചതായാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ പറയുന്നത്. മംഗളുരു നഗരത്തില്‍ വന്‍ സ്‌ഫോടനം നടത്താനാണ് ഷാരിഖും കൂട്ടാളികളും പദ്ധതിയിട്ടിരുന്നത്. ഇതിനുള്ള സ്ഥലവും അവര്‍ തീരുമാനിച്ചിരുന്നു. ഡ്രൈവറും 50 ശതമാനം പൊള്ളലേറ്റ ഷാരിഖും നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അറാഫത്ത് അലി, മുസാഫിര്‍ ഹുസൈന്‍ എന്നിവര്‍ക്കും സ്‌ഫോടനത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.