കൊച്ചി: ശശി തരൂരിന്റെ മലബാർ പര്യടനത്തിന് കോൺഗ്രസിൽ വിലക്കുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശശി തരൂരിന് യാതൊരു വിലക്കുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു തടസവും ഒരു നേതാവിനും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് പിന്മാറിയതിനെ കുറിച്ച് അവരോട് ചോദിക്കണം. തരൂർ വിഷയത്തിൽ കെപിസിസി പ്രസിഡന്റ് നയം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിൽ അങ്ങനെ ആരെയും ഒഴിവാക്കാൻ കഴിയില്ല. ശശി തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാവുന്നതിൽ മുതിർന്ന നേതാക്കൾക്ക് ആശങ്കയുണ്ടോയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് നോ കമന്റ്സ് എന്നാണ് അദ്ദേഹം മറുപടി നൽകിയത്.
അതേസമയം, ശശി തരൂരിന്റെ പരിപാടിയിൽ ആർക്ക് വേണമെങ്കിലും പങ്കെടുക്കാമെന്ന് കെ മുരളീധരൻ പറഞ്ഞു. ആർക്കും വിലക്കില്ല. പരിപാടി പങ്കെടുക്കുന്നവർക്കെതിരെ ഒരു നടപടിയും എടുക്കില്ലെന്നും ശശി തരൂരിനെ മാറ്റിനിർത്തി കേരളത്തിൽ പൊളിറ്റിക്സില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പലരും പാര പണിയാൻ നോക്കുന്നുണ്ട്. തനിക്കെതിരെയും പാര പണിയാൻ നോക്കിയിരുന്നു. എന്നാൽ ഒന്നും നടക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

