സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണ പദ്ധതി നടപ്പിലാക്കാന്‍ പ്രവാസി സംഘടനകളും സഹായിക്കണം: മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്ന പദ്ധതി നടപ്പിലാക്കാന്‍ പ്രവാസി സംഘടനകളും വ്യക്തികളും സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് മന്ത്രി വി ശിവന്‍കുട്ടി.

‘കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്കും അവര്‍ക്ക് ഉത്സാഹത്തോടെ പഠനത്തിലേര്‍പ്പെടുന്നതിനും നല്ല പ്രഭാത ഭക്ഷണം ആവശ്യമാണ്. എന്നാല്‍, ഇപ്പോള്‍ കേരളത്തിലെ എല്ലാ സ്‌കൂളുകളിലും ഉച്ചഭക്ഷണം ഉറപ്പുവരുത്താന്‍ കഴിയുന്നുണ്ടെങ്കിലും ചുരുക്കം ചില സ്‌കൂളുകള്‍ ഒഴിച്ച് ഒരിടത്തും കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കാന്‍ കഴിയുന്നില്ല. ഈ സ്ഥിതി മാറുവാന്‍ ഫൊക്കാന പോലുള്ള പ്രവാസി സംഘടനകളുടെ സഹകരണം ആവശ്യമാണ്. സ്‌കൂളുകളിലെ പ്രഭാത ഭക്ഷണ പരിപാടി സ്‌പോണ്‍സര്‍ ചെയ്യാന്‍ വ്യക്തികളും മുന്നോട്ട് വരണം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഉള്‍ച്ചേര്‍ന്ന വികസനവും പുരോഗതിയും സാധ്യമാക്കാന്‍ ഇത്തരം സഹായങ്ങള്‍ ആവശ്യമാണ്’- അദ്ദേഹം വ്യക്തമാക്കി.

ഫെഡറേഷന്‍ ഒഫ് കേരളാ അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക, ഫൊക്കാന, 2023 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ രണ്ട് വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കേരളാ കണ്‍വെന്‍ഷന്റെ സംഘാടക സമിതി പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.