ന്യൂഡല്‍ഹി: കീഴ്‌ക്കോടതികളിലെ ജഡ്ജിമാര്‍ ഭയം കാരണം ജാമ്യം നല്‍കാന്‍ മടിക്കുന്നുവെന്ന പ്രസ്താവനയുമായി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. ബാര്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ഒരു അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കീഴ്‌കോടതികള്‍ ജാമ്യം നല്‍കാന്‍ മടിക്കുന്നതിനാല്‍ മേല്‍ക്കോടതികളില്‍ ജാമ്യാപേക്ഷകള്‍ കുന്നുകൂടുകയാണ്. അത് അവര്‍ കുറ്റകൃത്യം മനസിലാക്കാത്തതുകൊണ്ടല്ല. നീചമായ കുറ്റകൃത്യങ്ങളില്‍ ജാമ്യം നല്‍കിയാല്‍ തങ്ങള്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുമോ എന്ന ഭയം മൂലമാണ്’- അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സ്ഥലമാറ്റത്തിന് വേണ്ടി അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിനെ പോയി കാണുന്നതില്‍ ആശങ്കയുണ്ടെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജ്ജുവും പറഞ്ഞു. ‘സ്ഥലം മാറ്റത്തിന് വേണ്ടി ചില അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിനെ കാണാന്‍ ആഗ്രഹിക്കുന്നതായി ഞാന്‍ അറിഞ്ഞു. ഇത് ഒരുപക്ഷെ ഒറ്റപ്പെട്ട പ്രശ്‌നമാവാം. പക്ഷെ സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കൊളീജിയത്തിന്റെ എല്ലാ തീരുമാനങ്ങളിലും ഇത് ആവര്‍ത്തിക്കപ്പെട്ടാല്‍ ഇതിന്റെ ഗതിയെന്താവും? അതിന്റെ മാനം അടിമുടി മാറും’- റിജ്ജു കൂട്ടിച്ചേര്‍ത്തു.

