കക്ഷികൾ കോടതിയെ ശത്രുവായി കാണേണ്ട സാഹചര്യമില്ല; പ്രിയ വർഗീസിനെതിരെ ഹൈക്കോടതി

കൊച്ചി: കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കക്ഷികൾ കോടതിയെ ശത്രുവായി കാണേണ്ട സാഹചര്യമില്ലെന്നും എൻഎസ്എസിനോട് കോടതിക്ക് യാതൊരു ബഹുമാനക്കുറവും ഇല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. അസുഖകരമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. കോടതിയിൽ കേസിന്റെ ഭാഗമായി നിരവധി കാര്യങ്ങൾ പറയും. കോടതിയിൽ സംഭവിച്ചത് അവിടെ അവസാനിക്കണമെന്നും കോടതി വ്യക്തമാക്കി.

കുഴിവെട്ട് എന്നൊരു കാര്യം പറഞ്ഞതായി പോലും ഓർക്കുന്നില്ല. നാഷണൽ സർവ്വീസ് സ്‌കീമിന്റെ ഭാഗമായി പല കാര്യങ്ങളും അധ്യാപകർ ചെയ്തിട്ടുണ്ടാവാം. അതിന്റെ അധ്യാപന പരിചയമായി കണക്കാക്കാൻ പറ്റുമോയെന്നും കോടതി ചോദിച്ചു.

വാദത്തിനിടയിൽ പല കാര്യങ്ങളും കോടതിയിൽ പറയും. പക്ഷേ പൊതുജനത്തിന് അത് ആ നിലയിൽ മനസ്സിലാവണം എന്നില്ല. കക്ഷികൾ കോടതിയെ ശത്രുവായി കാണേണ്ട ആവശ്യമില്ല. കോടതിയിൽ പറയുന്ന കാര്യങ്ങളിൽ നിന്നും പലതും അടർത്തിയെടുത്ത് വാർത്ത നൽകുന്ന നിലയാണ് ഇപ്പോൾ ഉള്ളത്. കക്ഷികൾ അങ്ങനെ ചെയ്യാൻ പാടില്ലെന്നും കോടതി നിർദ്ദേശം നൽകി.