ന്യൂഡല്‍ഹി: കോഴിക്കോട്ടെ ഇരട്ട സ്‌ഫോടന കേസില്‍ ഒന്നാം പ്രതി തടിയന്റെവിട നസീറിനെയും നാലാം പ്രതി ഷിഫാസിനെയും വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ എന്‍ ഐ എ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ജസ്റ്റിസുമാരായ കെ എം ജോസഫ്, ഹൃഷികേശ് റോയ് എന്നിവര്‍ അടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചു.
തടിയന്റെവിട നസീറിനും ഷിഫാസിനും കേസില്‍ വിചാരണ കോടതി ഇരട്ട ജീവപര്യന്തമാണ് വിധിച്ചിരുന്നതെങ്കിലും കുറ്റകൃത്യത്തില്‍ പ്രതികളുടെ പങ്ക് സംശയാതീതമായി തെളിയിക്കാന്‍ എന്‍ ഐ എയ്ക്ക് കഴിഞ്ഞില്ലെന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം. തുടര്‍ന്ന് ഇരുവരുടെയും ശിക്ഷ ഇളവ് ചെയ്ത് വെറുതെ വിടാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
അതേസമയം, ക്രൈംബ്രാഞ്ചാണ് 2009 വരെ കേസ് അന്വേഷിച്ചിരുന്നത്. എന്നാല്‍, 2010 -ല്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഉത്തരവനുസരിച്ച് എന്‍ ഐ എ അന്വേഷണ ചുമതല ഏറ്റെടുക്കുകയും എന്‍ ഐ എ കോടതിഇരുവര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിക്കുകയുമായിരുന്നു. എന്നാല്‍, കുറ്റം സംശയാതീതമായി തെളിയിക്കാന്‍ എന്‍ ഐ എയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞ ഹൈക്കോടതി ഇരുവരെയും വെറുതെ വിടുകയായിരുന്നു. ഇതിനെതിരെയാണ് എന്‍ ഐ എ സുപ്രീം കോടതിയെ സമീപിച്ചത്. 2006 മാര്‍ച്ച് 3 -ന് കോഴിക്കോട് മൊഫ്യൂസല്‍ ബസ്റ്റാന്റിലും കെ .എസ് ആര്‍ ടി സി ബസ് സ്റ്റാന്റിലുമായാണ് ഇരട്ട സ്‌ഫോടനങ്ങള്‍ നടക്കുന്നത്. സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു.

