ഗവർണറെ അപമാനിച്ച് ബാനർ സ്ഥാപിച്ച് എസ്എഫ്ഐ; വിശദീകരണം തേടിയതോടെ ബാനർ നീക്കി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അപമാനിച്ച് തിരുവനന്തപുരം സംസ്‌കൃത കോളേജിൽ എസ്എഫ്‌ഐ സ്ഥാപിച്ച ബാനർ നീക്കി. സംഭവവുമായി ബന്ധപ്പെട്ട് രാജ്ഭവൻ വിശദീകരണം തേടിയതിന് പിന്നാലെയാണ് എസ്എഫ്‌ഐ ബാനർ നീക്കിയത്. സംഭവം വലിയ വിവാദമാവുകയും മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തകൾ പ്രത്യക്ഷപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് നടപടി.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ബാനറിനെക്കുറിച്ച് പ്രിൻസിപ്പളിനോട് വിശദീകരണം ആവശ്യപ്പെടാൻ രജിസ്ട്രാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഗവർണറുടെ തന്തയുടെ വകയല്ല രാജ്ഭവൻ എന്നാണ് ബാനറിൽ എഴുതിയിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട രാജ്ഭവൻ ഉദ്യോഗസ്ഥർ ഉടൻ വിവരം വിസിയെ വിവരം അറിയിക്കുകയായിരുന്നു. ചിത്രങ്ങളും കൈമാറി. തുടർന്നാണ് രജിസ്ട്രാർ വഴി പ്രിൻസിപ്പളിനോട് വിശദീകരണം ആവശ്യപ്പെട്ടത്. പിന്നാലെ ബാനർ നീക്കാൻ എസ്എഫ്‌ഐ നേതൃത്വം യൂണിറ്റ് ഭാരവാഹികൾക്ക് നിർദ്ദേശം നൽകി.