ആരോഗ്യ പ്രശ്നങ്ങൾ; രാജ്ഭവൻ ധർണയിൽ പങ്കെടുക്കാത്തതിന്റെ കാരണം വിശദമാക്കി ഇ പി ജയരാജൻ

തിരുവനന്തപുരം: രാജ്ഭവൻ ധർണയിൽ പങ്കെടുക്കാത്തതിന്റെ കാരണം വിശദമാക്കി എൽഡിഎഫ് മുന്നണി കൺവീനർ ഇ പി ജയരാജൻ. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് താൻ പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം പാർട്ടിയെ അറിയിച്ചിരുന്നുവെന്നും മുൻകൂർ അവധി ലഭിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് വൈറസ് ബാധിതനായതിന് ശേഷം ചില ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുണ്ട്. അസുഖങ്ങൾ വർധിക്കുകയും ചെയ്തു. ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഉറങ്ങാൻ കഴിയുന്നത്. അലോപ്പതിയും ആയുർവേദവുമൊക്കെ ചേർന്നുള്ള ചികിത്സ നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. മൂന്ന് ആഴ്ചത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇക്കാര്യം മാധ്യങ്ങളെ അറിയിക്കേണ്ടതില്ലെന്ന് താൻ തന്നെയാണ് പറഞ്ഞതെന്നും അദ്ദേഹം പ്രതികരിച്ചു.

എന്നാൽ ആശുപത്രിയിൽ നിന്നും നേരത്തെ നിശ്ചയിച്ച പരിപാടികളിൽ പങ്കെടുത്തു. അത് ആരോഗ്യ സ്ഥിതി വഷളാക്കി. തുടർന്ന് നിയന്ത്രണങ്ങൾ സ്വയം ഏർപ്പെടുത്തി. രാജ്ഭവൻ ധർണ വിദ്യാഭ്യാസ സംരക്ഷണ പരിപാടിയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.