തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഡിസംബര്‍ അഞ്ചു മുതല്‍ വിളിക്കാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കാനും ഗവര്‍ണറുടെ ചാന്‍സലര്‍ പദവി നീക്കാന്‍ ബില്‍ കൊണ്ടുവരാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
സഭ ചേരാന്‍ തീരുമാനിച്ചതോടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റാനുള്ള അടിയന്തര ഓര്‍ഡിനന്‍സിന് പ്രസക്തി ഇല്ലാതായിരുന്നു. പകരം നിയമസഭയില്‍ സര്‍ക്കാര്‍ ബില്‍ കൊണ്ടുവരാനാണ് നീക്കം.
അതേസമയം, ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റാനുള്ള ഓര്‍ഡിനന്‍സിന് കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കിയിരുന്നെങ്കിലും ഗവര്‍ണര്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. ഓര്‍ഡിനന്‍സ് രാജ്ഭവനില്‍ എത്തുന്നതിന് മുമ്പായി ഗവര്‍ണര്‍ ഡല്‍ഹിക്ക് പോയിരുന്നു.

