കൊച്ചി: ഇടതുമുന്നണി പ്രഖ്യാപിച്ച രാജ്ഭവൻ മാർച്ചിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി ബിജെപി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് ഹർജി സമർപ്പിച്ചത്.
ഗവർണർക്കെതിരെ സമര രംഗത്തിറക്കാൻ സർക്കാർ ഉദ്യോഗസ്ഥരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഉപയോഗിക്കുന്നതായി ഹർജിയിൽ പറയുന്നു. ഹാജർ ഉറപ്പു നൽകിയാണ് പലരെയും സമരത്തിനിറക്കുന്നതെന്ന് കെ സുരേന്ദ്രൻ ഹർജിയിൽ വ്യക്തമാക്കി. സർക്കാർ ജീവനക്കാരെ നിർബന്ധിച്ചാണ് സമരത്തിൽ പങ്കെടുപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവർണർക്കെതിരെ സമരം ചെയ്യുന്നതിൽ നിന്നും സർക്കാർ ജീവനക്കാരെ തടയണമെന്നും ഹർജിയിൽ പറയുന്നു.
അതേസമയം, ഭരണത്തിലിരുന്ന് സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കമാണ് ഇടതുമുന്നണിയുടെ രാജ്ഭവൻ ഘരാവോയെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. അഴിമതി, സ്വജനപക്ഷബാധം, സ്വർണക്കടത്ത് കേസ്, വിലക്കയറ്റം എന്നിവയിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണിത്. ഗവർണറുടെ നിലപാടിനെ ശരിവയ്ക്കുന്നതാണ് ഇന്നലെയുണ്ടായ ഹൈക്കോടതി വിധിയെന്നും അദ്ദേഹം വ്യക്തമാക്കി.
വൈസ് ചാൻസലർമാരെ നിയമിക്കുന്നത് സംബന്ധിച്ച് ചാൻസലർക്കുള്ള അധികാരം ഈ വിധി വ്യക്തമാക്കുന്നു. കുഫോസ് വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സർക്കാരിന് തിരിച്ചടിയാണ്. മറ്റുവിസിമാരുടെ കാര്യത്തിലും ഇത് നിർണായകമാകും. ഗവർണർക്കെതിരായ സർക്കാരിന്റെ നീക്കം അപലപനീയമാണ്. എന്നാൽ സമരത്തിൽ പങ്കെടുക്കാൻ സർക്കാർ ജീവനക്കാരെ ആഹ്വാനം ചെയ്തുകൊണ്ടുള്ള നടപടി അംഗീകരിക്കാൻ കഴിയില്ല. ഇതുസംബന്ധിച്ച് ആലോചനായോഗങ്ങൾ നടന്നു കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രജിസ്റ്ററിൽ ഒപ്പിട്ട് ഗവർണക്കെതിരായുള്ള സമരത്തിൽ സർക്കാർ ജീവനക്കാർ പങ്കെടുത്താൽ അതിനെ നിയമപരമായി നേരിടും. മുഖ്യമന്ത്രിയും, മന്ത്രിമാരും മാർച്ചിൽ പങ്കെടുക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. അവരെ നിയമിച്ചയാളാണല്ലോ ഗവർണർ. എന്നാൽ, ഗോവിന്ദനും, കാനത്തിനും പങ്കെടുക്കാം. രാഷ്ട്രീയസമരമാണല്ലോയെന്നും അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികളെ സമരത്തിൽ പങ്കെടുപ്പിക്കുവാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇതും നിയമവിരുദ്ധമാണ്. കേന്ദ്ര സർക്കാരിന്റെ ശമ്പളവും വാങ്ങി ഗവർണർക്കെതിരായുള്ള മാർച്ചിൽ പങ്കെടുത്താൽ തൊഴിലാളികൾക്ക് മാത്രമല്ല അതിന് മേലെയുള്ള ഉദ്യോഗസ്ഥർക്കെതിരെയും നിയമ നടപടി സ്വീകരിക്കും. ഇതുസംബന്ധിച്ച് ബിജെപി ചീഫ് സെക്രട്ടറിക്ക് വിശദമായ കത്ത് നൽകിയിട്ടുണ്ട്. അനുകൂല നടപടി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

