ഇസ്താംബൂളിൽ സ്‌ഫോടനം; ആറു പേർ കൊല്ലപ്പെട്ടു

ഇസ്താംബുൾ: തുർക്കി നഗരമായ ഇസ്താംബൂളിൽ സ്‌ഫോടനം. ആറു പേരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. ഇസ്താംബൂളിലെ തിരക്കേറിയ ഷോപ്പിംഗ് സ്ട്രീറ്റായ ഇസ്തിക്ലാലിലാണ് കഴിഞ്ഞ ദിവസം സ്‌ഫോടനം നടന്നത്. സ്ഫോടനത്തിൽ 81 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

നടന്നത് ഭീകരാക്രമണാണെന്നാണ് തുർക്കി ആഭ്യന്തര മന്ത്രി വ്യക്തമാക്കുന്നത്. കുർദിസ്ഥാൻ വർക്കേഴ്‌സ് പാർട്ടി എന്ന സംഘടനയാണ് ആക്രണമത്തിന് പിന്നിലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ അറസ്റ്റ് ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.

തുർക്കി പ്രാദേശിക സമയം ഞായറാഴ്ച്ച വൈകിട്ട് നാല് മണിയോടെയാണ് സ്‌ഫോടനം നടന്നത്. നഗരത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഹെലികോപ്റ്ററുകർ നഗരത്തിന് മുകളിൽ പട്രോളിംഗ് നടത്തുകയാണ്. നഗരമധ്യത്തിലെ തിരക്കേറിയ സ്ട്രീറ്റാണ് ഇസ്തിക്ലാൽ സ്ട്രീറ്റ്. സ്‌ഫോടനമുണ്ടായതിന് തൊട്ടുപിന്നാലെ പ്രദേശം പൊലീസ് വളഞ്ഞു. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. സ്‌ഫോടനം ഉണ്ടായതിന് പിന്നാലെ ആളുകൾ നിലവിളിച്ച് പരക്കം പായുന്നത് വീഡിയോയിലുണ്ട്.