ന്യൂഡൽഹി: ചൈനക്കെതിരെ വിമർശനവുമായി കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ. കരാറുകളുടെ തുടർച്ചയായ ലംഘനം ചൈനയാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിർത്തിയിൽ സമാധാനം ഉറപ്പാക്കാത്ത കാലത്തോളം ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം സാധാരണ നിലയിലാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദുസ്ഥാൻ ടൈംസ് സംഘടിപ്പിച്ച നേതൃതല ഉച്ചകോടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ചൈനയോടുള്ള ഇന്ത്യയുടെ സമീപനത്തിൽ ഒരുതരത്തിലുള്ള അവ്യക്തതയും ആശയക്കുഴപ്പവുമില്ല. ഇന്ത്യയുടെ നിലപാട് ഉറച്ചതാണ്. ഗാൽവാൻ താഴ്‌വരയിൽ നടന്നതിന്റെ എല്ലാ ഉത്തരവാദിത്തവും ചൈനയ്ക്കാണ്. അത്തരം ഏകപക്ഷീയമായ അതിക്രമങ്ങൾ കരാറുകളെയും ധാരണകളെയും അപ്രസക്തമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗാൽവന് ശേഷം നമ്മൾ അതിർത്തികളിൽ കരുത്ത് വർധിപ്പിക്കുന്നതിൽ കൂടുതൽ മുന്നോട്ടുപോയിട്ടുണ്ട്. ഒന്നിലധികം പോയിന്റുകളിൽ ഇരുസൈന്യങ്ങളും മുഖാമുഖം നില്ക്കുന്ന അവസരമുണ്ട്. സുരക്ഷയുടെ വിഷയത്തിൽ ഒരു ഭാഗത്തിന് മാത്രമല്ല ഉത്തരവാദിത്തം. നിലവിലെ സാഹചര്യങ്ങൾ അവർക്ക് അനുകൂലമല്ലെന്ന തിരിച്ചറിവ് ചൈനയ്ക്കുണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷ. നയങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും ബന്ധങ്ങളുടെയും അടിസ്ഥാനത്തിൽ ധാരാളം കാര്യങ്ങൾ ചെയ്യുന്നു, വസ്തുതകളെ ശരിയായി നിരീക്ഷിക്കുന്ന ഒരാൾ ഇപ്പോൾ നയങ്ങളെയും പ്രഖ്യാപനങ്ങളെയും കുറിച്ച് സംസാരിക്കുമെന്ന് കരുതുന്നില്ല. ഇന്ത്യ ചൈനയ്ക്ക് നൽകിയ സന്ദേശത്തിൽ ഒരു തരത്തിലുമുള്ള അവ്യക്തതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

