യൂണിവേഴ്‌സിറ്റി ചാൻസലർ എങ്ങനെയാകണം എന്ന് തീരുമാനിക്കാൻ നിയമസഭയ്ക്ക് അധികാരമുണ്ട്: മന്ത്രി പി രാജീവ്

കൊച്ചി: യൂണിവേഴ്‌സിറ്റി ചാൻസലർ എങ്ങനെയാകണം എന്ന് തീരുമാനിക്കാൻ നിയമസഭയ്ക്ക് അധികാരമുണ്ടെന്ന് മന്ത്രി പി രാജീവ്. യുജിസി നിയമത്തിൽ ചാൻസലർ ആരാകണം എന്ന് പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനാ ചുമതലയുള്ള ഗവർണർ ഉത്തരവാദിത്തം നിറവേറ്റുമെന്ന് കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഓർഡിനൻസ് ആർക്കും എതിരല്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ വരണം. ഇനിയും മാറ്റങ്ങൾ വരാനുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കലാമണ്ഡലം ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കിയത് മാധ്യമങ്ങളിലൂടെ ആണ് അറിഞ്ഞതെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരാമർശത്തിനും അദ്ദേഹം മറുപടി നൽകി. നടപടിക്രമം അനുസരിച്ച് ഇക്കാര്യം അറിയിക്കേണ്ടതില്ല. പുതിയ ചാൻസലർ ഉടൻ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കലാമണ്ഡലം ചാൻസലർ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയത് മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത്. നിയമപരം ആണോ എന്ന കാര്യത്തിൽ പ്രതികരിക്കാൻ ഇല്ലെന്നും എന്തും ചെയ്യാൻ സർക്കാരിന് സ്വാതന്ത്ര്യം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങൾ എല്ലാം റിപ്പോർട്ട് ചെയ്യുമ്പോൾ സർക്കാരെന്തിന് ബുദ്ധിമുട്ടുന്നുവെന്നും അദ്ദേഹം ചോദിച്ചു.