ന്യൂഡൽഹി: കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലർ പദവിയിൽ നിന്നും തന്നെ നീക്കിയത് നിയമപരമാണോ എന്നതിൽ പ്രതികരിക്കാനില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കലാമണ്ഡലം സർവകലാശാല സ്ഥാനത്ത് നിന്നും തന്നെ മാറ്റിയത് സംസ്ഥാന സർക്കാരിന്റെ സ്വാതന്ത്ര്യമാണ്. തന്നെ നീക്കിയ കാര്യം മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. മാദ്ധ്യമങ്ങൾ എല്ലാം റിപ്പോർട്ട് ചെയ്യുമ്പോൾ സർക്കാരെന്തിന് ബുദ്ധിമുട്ടുന്നുവെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ ഒഴിവാക്കാൻ ഓർഡിനൻസ് കൊണ്ടുവരാൻ മന്ത്രിസഭ കഴിഞ്ഞ ബുധനാഴ്ച തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കലാമണ്ഡലം ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ പുറത്താക്കിയത്. പ്രോ ചാൻസലറായ സാംസ്കാരിക മന്ത്രി വി എൻ വാസവനാണ് ചാൻസലറുടെ അസാന്നിധ്യത്തിൽ ചുമതല നിർവ്വഹിക്കുന്നത്.

