അഹമ്മദാബാദ്: ഗുജറാത്തില് അധികാരത്തിലെത്തിയാല് നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ പേര് സര്ദാര് പട്ടേല് സ്റ്റേഡിയം എന്നാക്കുമെന്ന് കോണ്ഗ്രസ് ശനിയാഴ്ച പുറത്തിറക്കിയ പ്രകടന പത്രികയില് വ്യക്തമാക്കി. ആദ്യ മന്ത്രിസഭാ യോഗത്തില് തന്നെ പ്രകടനപത്രിക ഔദ്യോഗിക രേഖയാക്കി മാറ്റുമെന്നും രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.
ഗുജറാത്തില് പത്ത് ലക്ഷം പുതിയ തൊഴില് അവസരങ്ങള് സൃഷ്ടിക്കും. സര്ക്കാര് ജോലികളില് 50 ശതമാനം വനിതാ സംവരണം നടപ്പാക്കും. ഒറ്റയ്ക്കു കഴിയുന്ന സ്ത്രീകള്, വിധവകള്, പ്രായമായ സ്ത്രീകള് എന്നിവര്ക്ക് പ്രതിമാസം 2000 രൂപ ധനസഹായം നല്കും. സംസ്ഥാനത്താകെ 3000 ഇംഗ്ലിഷ് മീഡിയം സ്കൂളുകള് തുറക്കും. ബിരുദാനന്തരബിരുദതലം വരെ സ്ത്രീകള്ക്കു സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കും. 3 ലക്ഷം രൂപ വരെയുള്ള കാര്ഷിക വായ്പകള് എഴുതിത്തള്ളും. 300 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കുകയും 500 രൂപയ്ക്ക് ഗ്യാസ് സിലണ്ടറുകള് ലഭ്യമാക്കുകയും ചെയ്യും. തൊഴില്രഹിത യുവാക്കള്ക്ക് 3000 രൂപ ധനസഹായം നല്കും. പത്ത് ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ. അഞ്ച് ലക്ഷം രൂപ വരെയുള്ള സൗജന്യ ആരോഗ്യ പരിശോധനയും മരുന്നുകളും നല്കും. കോവിഡ് അസുഖബാധിതര്ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്കും- പ്രകടനപത്രിക വ്യക്തമാക്കുന്നു.
ഗുജറാത്തില് രണ്ടു ഘട്ടങ്ങളിലായി ഡിസംബര് ഒന്നിനും അഞ്ചിനുമാണ് വോട്ടെടുപ്പ്. ഡിസംബര് എട്ടിനാണ് വോട്ടെണ്ണുക.

