കൊൽക്കത്ത: രാഷ്ട്രപതി ദ്രൗപതി മുർമുവിനെ പരിഹസിച്ച് പശ്ചിമ ബംഗാൾ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ അഖിൽ ഗിരി. നമ്മുടെ രാഷ്ട്രപതിയുടെ രൂപം കാണാൻ എങ്ങനെയുണ്ടെന്നായിരുന്നു അഖിൽ ഗിരിയുടെ വിവാദ പരാമർശം. നന്ദിഗ്രാമിലെ ചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. വിവിധ കോണുകളിൽ നിന്നും മന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. സുവേന്ദു അധികാരിക്കെതിരെ പരാമർശം നടത്തുന്നതിനിടെയാണ് അഖിൽ ഗിരി രാഷ്ട്രപതിക്കെതിരെ മോശം പരാമർശം നടത്തിയത്. സുവേന്ദു അധികാരി പറയുന്നു, താൻ (അഖിൽ ഗിരി) സുന്ദരനല്ല. ആളുകളുടെ രൂപം നോക്കി ഞങ്ങൾ അവരെ വിലയിരുത്താറില്ല. രാഷ്ട്രപതിയെ തങ്ങൾ ബഹുമാനിക്കുന്നു. നമ്മുടെ രാഷ്ട്രപതിയുടെ രൂപം എങ്ങനെയാണെന്നായിരുന്നു അദ്ദേഹം ചോദിച്ചത്.
അതേസമയം, സംഭവത്തിൽ ദേശീയ വനിതാ കമ്മിഷന് ബിജെപി പരാതി നൽകിയിട്ടുണ്ട്. ബംഗാൾ മന്ത്രിയുടേത് ഹീനമായ പരാമർശമാണ്. രാഷ്ട്രപതിയേയും രാജ്യത്തെ 140 കോടി ജനങ്ങളേയും ഭരണ സംവിധാനത്തെയും അധിക്ഷേപിക്കുന്ന പരാമർശമാണ് നടത്തിയതെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മിഷന് നൽകിയ പരാതിയിൽ ബിജെപി ചൂണ്ടിക്കാട്ടുന്നു.

