ഗുജറാത്തില്‍ വിജയം ആവര്‍ത്തിക്കാന്‍ ബിജെപി; ലക്ഷ്യം നൂറിലധികം സീറ്റുകള്‍

ഇത്തവണത്തെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി 25 റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഗുജറാത്തില്‍ 150 നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രചാരണങ്ങള്‍ സംസ്ഥാനത്ത് അടുത്തയാഴ്ച തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

നരേന്ദ്ര മോദിയെ കൂടാതെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിജെപിയുടെ താര പ്രചാരകനായി ഗുജറാത്തില്‍ പര്യടനം നടത്തും. തുടര്‍ച്ചയായി ഏഴാം തവണയും സംസ്ഥാനത്ത് അധികാരം പിടിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഏകോപിപ്പിക്കുന്നത്. കേന്ദ്ര നേതാക്കളായ രാജ് നാഥ് സിങ്, സ്മൃതി ഇറാനി, അര്‍ജുന്‍ മുണ്ട, ഗജേന്ദ്ര സിങ് ഷെഖാവത്ത് എന്നിവരും ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും. ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ സംസ്ഥാനത്തുടനീളം റോഡ് ഷോകളും നടത്തും.

അതേസമയം, രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നാം ഘട്ടം ഡിസംബര്‍ ഒന്നിനും രണ്ടാം ഘട്ടം ഡിസംബര്‍ 5നുമാണ് നടക്കുക. ഡിസംബര്‍ 8നാണ് വോട്ടെണ്ണല്‍. 2017ലെ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചിരുന്നത്. ഇത്തവണ 100ല്‍ കൂടുതല്‍ സീറ്റുകളുമായി മികച്ച വിജയം നേടാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സ്വന്തം സംസ്ഥാനമായതിനാല്‍ തന്നെ ബിജെപിക്ക് ഗുജറാത്ത് തെരഞ്ഞെടുപ്പ് അഭിമാന പോരാട്ടം കൂടിയാണ്.