യുവാന്‍ വാങ് 6: ചൈനീസ് ചാരക്കപ്പലെത്തിയത് ഇന്ത്യന്‍ മിസൈലിനെ നോട്ടമിട്ടോ?

യുവാന്‍ വാങ് 6 എന്ന ചൈനീസ് കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തിയത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. ബാലിയുടെ തീരത്തിനടുത്തുകൂടിയാണ് ഇപ്പോള്‍ ഇതിന്റെ സഞ്ചാരം. ഇന്ത്യന്‍ നാവികസേനയും ഈ കപ്പലിന്റെ മുന്നേറ്റം വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇന്ത്യയുടെ പുതിയ മിസൈലിന്റെ പരീക്ഷണം നടക്കാനിരിക്കെയായിരുന്നു ഈ കപ്പലിന്റെ വരവ്. ഉപഗ്രഹങ്ങളെയും മിസൈല്‍ പരീക്ഷണങ്ങളെയും നിരീക്ഷിക്കാനായാണ് ഇത്തരം കപ്പലുകള്‍ ചൈന കൂടുതലായും അയയ്ക്കുന്നത്.

യഥാര്‍ഥത്തില്‍ യുവാന്‍ വാങ് പലതരം ഡിസൈനിലുള്ള കപ്പലുകളുടെ കൂട്ടങ്ങളാണ്. ചൈനയുടെ സ്ട്രാറ്റജിക് സപ്പോര്‍ട്ട് ഫോഴ്‌സാണ് ഈ കപ്പലുകളുടെ നിയന്ത്രണം നിര്‍വഹിക്കുന്നത്. ചൈനയിലെ ജിയാനന്‍ ഷിപ്യാഡിലാണ് ഈ കപ്പല്‍ നിര്‍മിച്ചത്. 21,000 മുതല്‍ 18,000 വരെ ഭാരമുള്ള കപ്പലുകളാണ് യുവാന്‍ വാങ് ശ്രേണിയില്‍ പ്രധാനമായും വരുന്നത്. 1965ല്‍ അന്നത്തെ ചൈനീസ് പ്രീമിയറായ ഷൂ എന്‍ലായിയാണ് ഈ കപ്പലുകളുടെ നിര്‍മാണപദ്ധതി രൂപീകരിച്ചത്. 1968ല്‍ മാവോ സെതുങ് ആണ് ഇതിന് അംഗീകാരം നല്‍കുന്നത്.

ജിയാനന്‍ ഷിപ്യാഡില്‍ 1977,78 വര്‍ഷങ്ങളില്‍ യുവാന്‍ വാങ്1, യുവാന്‍ വാങ് 2 കപ്പലുകള്‍ രംഗത്തിറങ്ങി. യുവാന്‍ വാങ് 3 കപ്പല്‍ 1995ലും യുവാന്‍ വാങ് 4 കപ്പല്‍ 1999ലുമാണ് നീറ്റിലിറക്കിയത്. ഇതേ ക്ലാസില്‍ പിന്നീട് യുവാന്‍ വാങ് 5, യുവാന്‍ വാങ് 6,യുവാന്‍ വാങ് 7,യുവാന്‍ വാങ് 21,യുവാന്‍ വാങ് 22 എന്നീ കപ്പല്‍ശ്രേണികളും ഇറങ്ങി. യുവാന്‍ വാങ് 21,22 കപ്പലുകള്‍ ലോങ് മാര്‍ച്ച് 5 മിസൈലുകളെ വഹിക്കാന്‍ കഴിവുള്ളവയാണ്. യുവാന്‍ വാങ് 5 കഴിഞ്ഞ ഓഗസ്റ്റില്‍ ശ്രീലങ്കയിലെ ഹംബന്‍ടോട്ട തുറമുഖത്ത് നങ്കൂരമിട്ടിരുന്നു. ശാസ്ത്രീയ ഗവേഷണങ്ങള്‍ക്കായാണ് കപ്പല്‍ വന്നതെന്ന് അന്ന് ചൈന വ്യക്തമാിയതെിലും സൈനികനിരീക്ഷണ ദൗത്യം വഹിക്കുന്ന കപ്പലാണിതെന്ന് യുഎസ് പ്രതിരോധവകുപ്പ് മുന്നറിയിപ്പു നല്‍കിയിരുന്നു.