കത്ത് വിവാദത്തിൽ അന്വേഷണം കൃത്യമായി നടക്കും; എം വി ഗോവിന്ദൻ

തിരുവനന്തപുരം: നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ അന്വേഷണം കൃത്യമായി നടക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ കണ്ടുപിടിക്കാനാണ് അന്വേഷണം നടക്കുന്നത്. അഞ്ചു ദിവസംകൊണ്ട് അന്വേഷണം പൂർത്തിയാക്കാൻ സാധിക്കുമോയെന്ന് അദ്ദേഹം ചോദിക്കുന്നു.

സംഭവത്തിൽ പാർട്ടിയിൽ നടപടിയുണ്ടാവുമോ എന്ന ചോദ്യത്തിന് എന്ത് നടപടിയാണ് ഉദ്ദേശിക്കുന്നത് എന്ന് മാദ്ധ്യമങ്ങളോട് ചോദിച്ചു. ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്നും നീക്കുന്നതിനുള്ള ഓർഡിനൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത് സർക്കാരാണ്. സർക്കാർ ഓർഡിനൻസ് തയ്യാറാക്കിയത് നല്ല ആലോചനയോടെയാണ്. ഡിസംബറിൽ നിയമസഭ ചേരുമെന്നും ആ സമ്മേളനത്തിൽ ഓർഡിനൻസ് നിയമമാക്കാനുനുള്ള നടപടികൾ ഉണ്ടാവുമെന്നാണ് കരുതേണ്ടതെന്നും എം വി ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.