കേന്ദ്ര സർക്കാരിന്റെ അജണ്ടയുടെ ഭാഗമായി ഗവർണർമാർ പ്രവർത്തിക്കുന്നു; വിമർശനവുമായി സീതാറാം യെച്ചൂരി

തിരുവനന്തപുരം: ഗവർണർമാർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര സർക്കാരിന്റെ അജണ്ടയുടെ ഭാഗമായി ഗവർണർമാർ പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഹിന്ദുത്വ അജണ്ട അടിച്ച് ഏൽപ്പിക്കാൻ ഉള്ള ശ്രമം നടക്കുന്നുവെന്നും രാജ്യത്തെ രക്ഷിക്കാൻ ഒന്നിച്ചു നിൽക്കാമെന്നും അദ്ദേഹം അറിയിച്ചു. ആർ എസ് പി ദേശീയ സമ്മേളനത്തിലെ ഓപ്പൺ സെമിനാറിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

വിശന്നു മരിച്ചാലും വിശ്വാസം കൈവിടാത്തവരാണ് ഇന്ത്യക്കാരെന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹിമാചലിൽ പ്രസംഗിച്ചത്. ഇത്തരം അന്ധവിശ്വാസങ്ങളും യുക്തിയില്ലായ്മകൾക്കുമെതിരെയാണ് പ്രവർത്തിക്കേണ്ടത്. ഇതിൽ നിന്നെല്ലാം രാജ്യത്തെ രക്ഷിക്കാൻ ഒന്നിച്ചു നിൽക്കാമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സർക്കാർ പദ്ധതി പോലെയാണ് അയോധ്യ ക്ഷേത്ര നിർമ്മാണം നടത്തപ്പെടുന്നത്. പ്രധാനമന്ത്രി സ്ഥലം സന്ദർശിക്കുന്നു, നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. മിസോറാമിലും ഹിമാചലിലും കാണുന്നത് ചെറുപാർട്ടികളെ ഇല്ലാതാക്കാനുള്ള ശ്രമമാണെന്നും ജനകീയ മുന്നേറ്റങ്ങളിലൂടെ മാത്രമേ ചെറു പാർട്ടികൾക്ക് നിലനിൽക്കാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.