തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെഎസ്ആർടിസി എം.ഡി ബിജു പ്രഭാകർ. കോവിഡ് കാലത്ത് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായാണ് അദ്ദേഹം രംഗത്തെത്തിയത്. പൊതുഗതാഗതം ശക്തിപ്പെടുത്തുന്ന നിലപാട് അല്ല കേന്ദ്രത്തിനും സംസ്ഥാനത്തിനുമുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് ബി.എം.എസ്. സംഘടനയായ കെഎസ്ടിഎ. സംഘ് 22-ാം സംസ്ഥാന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് വ്യാപന സമയത്ത് പ്രതിരോധനടപടികളുടെ ഭാഗമായി മദ്യ ശാലകൾ അടച്ചിട്ടതും ബസുകളിൽ നിന്ന് യാത്ര ചെയ്യുന്നത് നിരോധിച്ചതും അദ്ദേഹം വിമർശിച്ചു. എല്ലാവർക്കും മെട്രോ മതി. ചർച്ചകൾ മെട്രോ നടപ്പാക്കാൻ വേണ്ടി മാത്രമാണ്. 20 ലക്ഷം ആളുകളെ കൊണ്ടു പോകുന്ന പൊതുഗതാഗതത്തിന് ഒരു പിന്തുണയുമില്ലെന്നും അദ്ദേഹം വിമർശിച്ചു. എന്താണ് ലോക്ക് ഡൗൺ കൊണ്ട് ഉണ്ടായത്? കെ.എസ്.ആർ.ടി.സി. ബസിനകത്ത് ഇരുന്ന് യാത്രചെയ്യാം, നിന്നാൽ കൊറോണ പിടിക്കും. കോവിഡ് നിയന്ത്രണം ലംഘിക്കുന്ന വാഹനങ്ങളെ എവിടെ കണ്ടാലും പിടിച്ചു നിർത്താം. പോലീസുകാർ, മജിസ്ട്രേറ്റുമാർ അടുത്തടുത്ത് ഇരുന്നാൽ കൊറോണ പിടിക്കില്ല. അടുത്തടുത്ത് നിന്ന് പോയാൽ കൊറോണ പിടിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
ബിവറേജസിൽ നിന്ന് രണ്ടെണ്ണം വാങ്ങി വീട്ടിൽ കൊണ്ടുവന്ന് അടിച്ചു കഴിഞ്ഞാൽ കൊറോണ പിടിക്കും. അന്ന് ബിവറേജസ് അടച്ചിട്ടത് കൊണ്ടു മാത്രമാണ് ഇന്ന് കാണുന്ന തരത്തിൽ ആളുകൾ മറ്റു മയക്കുമരുന്നുകളിലേക്ക് മാറിയിരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ബിവറേജസ് അടച്ചിടാൻ പാടില്ല എന്ന് ചീഫ് സെക്രട്ടറിയുടെ മീറ്റിൽ പറഞ്ഞിരുന്നു. ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും അതിന്റെ അനന്തരഫലം എന്താണെന്നുള്ളതെന്ന് നമ്മൾ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

