കത്ത് വിവാദം: അഴിമതി നടന്നോ എന്ന അന്വേഷണവുമായി വിജിലന്‍സ്‌

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കത്ത് വിവാദത്തില്‍ പ്രാഥമികാന്വേഷണം ആരംഭിച്ച് വിജിലന്‍സ്. നഗരസഭയിലെ പിന്‍വാതില്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് അഴിമതി ഉണ്ടായിട്ടുണ്ടോ എന്നറിയാനാണ് വിജിലന്‍സിന്റെ അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി മേയര്‍ ആര്യാ രാജേന്ദ്രന്‍, സ്ഥിരംസമിതി അധ്യക്ഷന്‍ ഡി.ആര്‍ അനില്‍ എന്നിവരുടെ പേരിലുള്ള വിവാദ കത്തുകള്‍ വിജിലന്‍സ് പരിശോധിക്കും.

അതേസമയം, തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ്- ഒന്ന് ആകും അന്വേഷണം നടത്തുക. നഗരസഭയുടെ ആരോഗ്യവിഭാഗത്തില്‍ നിയമനം നല്‍കാനുള്ള മേയറുടെ പേരിലുള്ള ശുപാര്‍ശ കത്ത് പുറത്തായതിന് പിന്നാലെ നാലു പരാതികള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഉത്തരവിട്ടത്.

അതിനിടെ മേയര്‍ സ്ഥാനം രാജി വെക്കില്ലെന്ന് ആര്യാ രാജേന്ദ്രന്‍ വ്യക്തമാക്കി. ‘ഇല്ലാത്ത കാര്യത്തിലാണ് തന്നെ ക്രൂശിക്കുന്നത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമുണ്ട്. കോടതി മേയറെ കൂടി കേള്‍ക്കണം എന്ന് പറഞ്ഞതില്‍ സന്തോഷമുണ്ട്. സമരങ്ങള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാകരുത്. കൗണ്‍സിലര്‍മാരുടെ പിന്തുണ ഉള്ളിടത്തോളം കാലം മേയര്‍ ആയി തുടരും. മഹിളാ കോണ്‍ഗ്രസ് അധിക്ഷേപത്തില്‍ നിയമപരമായ വശങ്ങള്‍ പരിശോധിക്കും. കട്ടപണവുമായി കോഴിക്കോടേയ്ക്ക് പോകൂ എന്നാണ് പറഞ്ഞത്. ഉത്തരവാദിത്വപെട്ടവര്‍ അങ്ങനെ പറയുന്നത് ശരിയല്ല. കുടുംബത്തെ കൂടി പറഞ്ഞതില്‍ നിയമ നടപടികള്‍ ആലോചിക്കും’- മേയര്‍ ചൂണ്ടിക്കാട്ടി.