രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം: ജനാധിപത്യത്തിന്റെ ശബ്ദമെന്ന് സ്റ്റാലിന്‍

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചനത്തില്‍ ജനാധിപത്യത്തിന്റെ ശബ്ദമാണ് സുപ്രീംകോടതി വിധിയെന്ന പ്രതികരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ‘വിധി ജനാധിപത്യത്തിന് വില നല്‍കാത്തവര്‍ക്കുള്ള പ്രഹരമാണ്. ഗവര്‍ണര്‍ ജനാധിപത്യ സര്‍ക്കാരിന്റെ തീരുമാനം മാനിക്കണം. ഈ സന്ദേശമാണ് സുപ്രീംകോടതി വിധി നല്‍കുന്നത്’- സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ നളിനി ഉള്‍പ്പെടെയുള്ള ആറ് പ്രതികളെ മോചിപ്പിക്കാനാണ് ബി.ആര്‍ ഗവായ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ ഉത്തരവ്. കേസിലെ മറ്റൊരു പ്രതിയായിരുന്ന പേരറിവാളന്‍ മാസങ്ങള്‍ക്ക് മുമ്ബ് മോചിതനായിരുന്നു. പിന്നാലെ പ്രതികളായ നളിനി ശ്രീഹരനും പി രവിചന്ദ്രനും മദ്രാസ് ഹൈക്കോടതിയില്‍ മോചന ഹര്‍ജി നല്‍യിരുന്നെങ്കിലും കോടതി അത് തള്ളുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

1991 മെയ് 21 -ന് രാത്രി ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേയാണ് രാജീവ് ഗാന്ധി ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊലക്കേസിലെ പ്രതികള്‍ 1998 ജനുവരിയില്‍ സ്പെഷ്യല്‍ ടാഡ കോടതിയില്‍ നടന്ന വിചാരണയ്ക്ക് ശേഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. 1999 മെയ് 11 -ന് മേല്‍ക്കോടതി വധശിക്ഷ ശരിവെച്ചു. കൊലപാതകം നടന്ന് 24 കൊല്ലത്തിന് ശേഷം 2014 -ല്‍ സുപ്രീംകോടതി നളിനിയടക്കം മൂന്ന് പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി വെട്ടിച്ചുരുക്കി.