കൊച്ചി: മുന്നാക്ക സംവരണത്തിലെ സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സുപ്രീം കോടതിയെ വിധിയെ അദ്ദേഹം സ്വാഗതം ചെയ്തു. ഏറെ നാളത്തെ പോരാട്ടത്തിന്റെ വിജയമാണിതെന്നും വിധി സംവരണ തത്വം അട്ടിമറിക്കും എന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. സംവരണക്കാരിലെ സമ്പന്നരുടെ തട്ടിപ്പ് ഇതോടെ ഇല്ലാതാകും മറ്റു വിഷയങ്ങളിലൊന്നും പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നാലു വിധിപ്രസ്താവങ്ങളാണ് സാമ്പത്തിക സംവരണം ചോദ്യം ചെയ്തുള്ള ഹർജികളിൽ അഞ്ചംഗ ഭരണഘടന ബഞ്ചിൽ നിന്ന് കഴിഞ്ഞ ദിവസം ഉണ്ടായത്. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി, ജെ ബി പർദിവാല എന്നിവർ സാമ്പത്തിക സംവരണം അംഗീകരിച്ചു. പിന്നാക്കം നില്ക്കുന്നവരെ കൈപിടിച്ച് ഉയർത്താനാണ് സംവരണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സഹായിക്കാനുള്ള അവകാശവും സർക്കാരിനുണ്ട്. അതിനാൽ ഇത് ഭരണഘടന തത്വങ്ങൾക്ക് വിരുദ്ധമല്ലെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി അറിയിച്ചു.
50 ശതമാനത്തിനു മുകളിൽ സംവരണം ഏർപ്പെടുത്തിയത് ഇന്ദ്ര സാഹ്നി കേസിലെ വിധിക്ക് എതിരല്ലെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി അറിയിച്ചു. നിലവിൽ സംവരണം ഉള്ള വിഭാഗങ്ങളെ സാമ്പത്തിക സംവരണത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയതിനെയും ഈ വിധി അംഗീകരിച്ചു. ഇതിനോട് യോജിച്ച ജസ്റ്റിസ് ബേല എം ത്രിവേദി ജാതിയുടെ അടിസ്ഥാനത്തിൽ മാത്രമേ സംവരണം പാടുള്ളു എന്ന് പറയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. എസ്സി, എസ്ടി, പിന്നാക്ക വിഭാഗങ്ങൾക്ക് ഇതിന്റെ ആനൂകൂല്യം നൽകാത്തത് മൗലിക അവകാശ ലംഘനമാണ്. സാമ്ബത്തിക സംവരണത്തിന്റെ പരിധിയിൽ അവരെയും കൊണ്ടുവരണം അതിനാൽ ഭരണഘടന ഭേഗദതിയിലെ രണ്ട് വകുപ്പുകൾ റദ്ദാക്കുന്നു എന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ട് വ്യക്തമാക്കി. ജസ്റ്റിസ് രവീന്ദ്ര ഭട്ടിനോട് യോജിക്കുന്നു എന്ന് ചീഫ് ജസ്റ്റിസ് യുയു ലളിത് അറിയിച്ചു.

