സാങ്കേതിക സര്‍വകലാശാല വി.സി നിയമനം: യുജിസിയുടെ നിലപാട് അറിയണമെന്ന് ഹൈക്കോടതി

എറണാകുളം: സംസ്ഥാനത്തെ സാങ്കേതിക സര്‍വകലാശാല വി.സിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണ്ണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ട് ഗവര്‍ണറുടെ അഭിഭാഷകന്‍ ഗോപകുമാരന്‍ നായര്‍ കോടതിയില്‍. വ്യവഹാരങ്ങളും തര്‍ക്കങ്ങളും കുട്ടികളുടെ ഭാവിയെ ബാധിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. വി.സി നിയമനത്തില്‍ യുജിസിയുടെ നിലപാട് അറിയണം എന്ന് കോടതി വ്യക്തമാക്കി. വി.സി സ്ഥാനത്തേക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന വ്യക്തികളുടെ യോഗ്യത വിവരം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അതേസമയം, വി.സി നിയമനത്തിനായി സര്‍ക്കാര്‍ മുന്നോട്ടുവച്ച ശുപാര്‍ശകള്‍ തള്ളിക്കൊണ്ടായിരുന്നു സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ജോയിന്റ് ഡയറക്ടറായ സിസ തോമസിന് സാങ്കേതിക സര്‍വ്വകലാശാല വി.സിയുടെ ചുമതല ഗവര്‍ണ്ണര്‍ നല്‍കിയത്. വി.സിയെ ശുപാര്‍ശ ചെയ്യേണ്ടത് സര്‍ക്കാരാണെന്നും എന്നാല്‍, സിസ തോമസിനെ ഗവര്‍ണ്ണര്‍ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കുകയായിരുന്നുവെന്നുമാണ് സര്‍ക്കാരിന്റെ വാദം.

നിയമ വിരുദ്ധമായ ഗവര്‍ണ്ണറുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്