ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ നളിനി ഉൾപ്പെടെ ആറ് പ്രതികൾക്ക് മോചനം നൽകാൻ ഉത്തരവിട്ട് സുപ്രീം കോടതി. ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. 31 വർഷത്തിൽ അധികമായി നളിനി ജയിലിൽ കഴിയുന്നുണ്ട്. കേസിലെ മറ്റൊരു പ്രതിയായിരുന്ന പേരറിവാളനെ അടുത്തിടെ മോചിപ്പിച്ചിരുന്നു.
പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത് മെയ് 18 നാണ്. ഇതിന് പിന്നാലെ പ്രതികളായ നളിനി ശ്രീഹരനും പി രവിചന്ദ്രനും മദ്രാസ് ഹൈക്കോടതിയിൽ മോചന ഹർജി നൽയിരുന്നെങ്കിലും കോടതി അത് തള്ളി. ആർട്ടിക്കിൾ 142 ന്റെ പ്രത്യേകാധികാരം ഉപയോഗിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതി പറഞ്ഞത്. പ്രതികൾക്ക് സുപ്രീം കോടതിയെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവേയാണ് രാജീവ് ഗാന്ധി ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. 1991 മെയ് 21 -ന് രാത്രിയായിരുന്നു സംഭവം.

