ന്യൂഡല്ഹി: ഡല്ഹി ട്രാവന്കൂര് ഹൗസിന്റെ ഉടമസ്ഥ രേഖ കൈവശമില്ലെന്നത് വ്യക്തമാക്കി സര്ക്കാരിന്റെ കത്ത് പുറത്തുവന്നു. ട്രാവന്കൂര് ഹൗസിന്റെ വില്പ്പനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സര്ക്കാര് പുറത്തിറക്കിയ വിശദീകരണത്തില് ട്രാവന്കൂര് ഹൗസിന്റെ പൂര്ണ ഉടമസ്ഥത സര്ക്കാരിന്റെ കൈവശമാണെന്നും ഹൗസ് വില്ക്കാന് ചുമതലപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്, ട്രാവന്കൂര് ഹൗസിന്റെ ഉടമസ്ഥ രേഖ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്ക്കാര് ലാന്ഡ് ഡെവലപ്പ്മെന്റ് ഓഫീസിനെ സമീപിച്ച കത്ത് പുറത്തായതോടെ സര്ക്കാര് പ്രതിസന്ധിയിലാവുകയാണ്.
ഡല്ഹി കേരളാ ഹൗസിന്റെ റസിഡന്റ് കമ്മീഷണര് സൗരഭ് ജെയ്ന് ഡല്ഹിയിലെ ലാന്റ് ഡെവലപ്പ്മെന്റ് ഓഫീസില് 2021 ഡിസംബര് ഒന്നാം തീയതി അയച്ച കത്തില് ട്രാവന്കൂര് ഹൗസിന്റെ ലീസ് ലീഡും ലീസ് പ്ലാനും ചോദിക്കുന്നുണ്ട്. ട്രാവന്കൂര് ഹൗസില് നടത്തേണ്ട വികസനങ്ങളുമായി ബന്ധപ്പെട്ട് ഡല്ഹി ഡെവലപ്പ്മെന്റ് അതോറിറ്റിക്കും ഈ രേഖകള് ഹാജരാക്കണം. അല്ലാത്ത പക്ഷം വികസന പ്രവര്ത്തനങ്ങള് നടക്കില്ല. അതിനാല് രേഖകള് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സര്ക്കാരിനെ സമീപിച്ചത്.
അതേസമയം, രേഖകള് ഹാജരാക്കാന് സര്ക്കാരിനു കഴിയാതെ പോയി. അതിനാല് 2011-ലും 2016-ലും ട്രാവന്കൂര് ഹൗസിന്റെ വികസന പ്രവര്ത്തനങ്ങള് നടന്നുമില്ല. പിന്നീട് രേഖ ആവശ്യപ്പെട്ട അതേ ഏജന്സിയോട് തങ്ങള്ക്ക് രേഖകള് നല്കണമെന്ന് ആവശ്യപ്പെട്ട് സര്ക്കാര് നല്കിയ കത്താണ് ഇപ്പോള് പുറത്തായിരിക്കുന്നത്. കവഡിയാര് കൊട്ടാരം ഈ ആസ്തിയില് അവകാശവാദം ഉന്നയിച്ച് 2019-ല് ലാന്ഡ് ഡെവലപ്പ്മെന്റ് ഓഫീസിനെ സമീപിച്ചിരുന്നു. സംസ്ഥാന സര്ക്കാരിനോട് ട്രാവന്കൂര് ഹൗസിന്റെ ഉടമസ്ഥാവകാശ രേഖ ഹാജരാക്കാന് ഓഫീസ് നിര്ദ്ദേശിച്ചെങ്കിലും സര്ക്കാര് രേഖകള് ഹാജരാക്കിയില്ല.

