തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കേരള കലാമണ്ഡലം കല്പിത സർവകലാശാലയുടെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കി. സംസ്ഥാന സാംസ്കാരിക വകുപ്പാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കേരള കലാമണ്ഡലം പ്രവർത്തിക്കുന്നത് സാംസ്കാരിക വകുപ്പിന് കീഴിലാണ്.
ഗവർണറാണ് 2006 മുതൽ കലാമണ്ഡലം കല്പിത സർവകലാശാലയുടെ ചാൻസലർ. ഗവർണർക്ക് പകരം കലാസാംസ്കാരിക രംഗത്തെ പ്രമുഖരെ ചാൻസലർ സ്ഥാനത്ത് നിയമിക്കാമെന്ന് വ്യക്തമാക്കിയാണ് പുതിയ ഉത്തരവ് പുറപ്പടുവിച്ചിട്ടുള്ളത്. കലാമണ്ഡലം കൽപ്പിക സർവ്വകലാശാലയുടെ റൂൾസ് & റെഗുലേഷൻ പ്രകാരം ചാൻസലറെ നിയമിക്കാൻ ഉള്ള അധികാരം സംസ്ഥാന സർക്കാരിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ഈ അധികാരം ഉപയോഗിച്ചാണ് സാംസ്കാരിക വകുപ്പ് ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കി ഉത്തരവ് ഇറക്കിയത് .
കലാമണ്ഡലം സർവകലാശാലയുടെ ചാൻസലറായി ഗവർണർ പദവിയിൽ തുടരുന്ന വ്യക്തി ആയിരിക്കും എന്ന വ്യവസ്ഥ ഉൾച്ചേർത്തത് 2015 ലെ സർക്കാർ ഉത്തരവ് പ്രകാരമാണ്. ഇതിൽ ഭേദഗതി വരുത്തിയാണ് ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. കലാ സാംസ്കാരിക മേഖലകളിൽ വൈദഗ്ധ്യമുള്ള പ്രഗത്ഭരെ നിയമിക്കുന്നതിന് മുന്നോടിയായിട്ടാണ് ചാൻസലർ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്.
പുതിയ ചാൻസലർ ചുമതലയേറ്റെടുക്കും വരെ പ്രോ ചാൻസലർ ചാൻസലറുടെ ചുമതല വഹിക്കും. സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കം ചെയ്യുന്നതിന് ഓർഡിനൻസ് തയ്യാറാക്കാൻ സർക്കാരിന് സിപിഎം അനുമതി നൽകിയിരുന്നു. ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കലാമണ്ഡലത്തിന്റെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

