പതഞ്ജലിയുടെ അഞ്ച് മരുന്നുകളുടെ ഉല്‍പ്പാദനം നിരോധിച്ച് ഉത്തരാഖണ്ഡ്

ന്യൂഡല്‍ഹി: ബാബ രാംദേവിന്റെ പതഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ പയ്യന്നൂര്‍ സ്വദേശിയായ ഡോക്ടര്‍ കെ.വി ബാബു നിയമപോരാട്ടം നടത്തിയതിന്റെ ഫലമായി പതഞ്ജലി പരസ്യങ്ങള്‍ പിന്‍വലിക്കാന്‍ സെപ്റ്റംബറില്‍ ഉത്തരവിറങ്ങിയിരുന്നു. തുടര്‍ന്ന് രക്തസമ്മര്‍ദ്ദം പ്രമേഹം, ഗോയിറ്റര്‍, ഗ്ലോക്കോമ, ഉയര്‍ന്ന കൊളസ്ട്രോള്‍ എന്നിവയ്ക്കുള്ള ചികിത്സക്കായി കമ്ബനി പുറത്തിറക്കിയിരുന്ന അഞ്ച് ഉത്പ്പന്നങ്ങളുടെ നിര്‍മ്മാണം നിര്‍ത്തി വെയ്ക്കാനും പതഞ്ജലി ആയുര്‍വേദിനോട് ഉത്തരാഖണ്ഡിലെ ആരോഗ്യ നിയന്ത്രണ അഥോറിറ്റി ബുധനാഴ്ച ആവശ്യപ്പെട്ടു. തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പരസ്യങ്ങള്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഈ നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, പതഞ്ജലിയുടെ മധുഗ്രിറ്റ്, ഐഗ്രിറ്റ്, തൈറോഗ്രിറ്റ്, ബിപിഗ്രിറ്റ്, ലിപിഡോം എന്നിവയുടെ ഉല്‍പാദനം നിര്‍ത്തിവെക്കാന്‍ ഇതിന്റെ നിര്‍മ്മാതാക്കളായ ദിവ്യ ഫാര്‍മസിയോട് ഉത്തരാഖണ്ഡിലെ ആയുര്‍വേദ, യുനാനി ലൈസന്‍സിങ് അഥോറിറ്റി നിര്‍ദ്ദേശിച്ചു. ഡ്രഗ്് ആന്‍ഡ് മാജിക് റെമഡീസ് ആക്ട്, ഡ്രഗ്‌സ് ആന്‍ഡ് കോസ്മറ്റിക്‌സ് ആക്ട് എന്നിവ പ്രകാരം പതാഞ്ജലിയുടേത് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളാണെന്ന് അഥോറിറ്റി നിരീക്ഷിച്ചിരുന്നു. പുതിയ അംഗീകാരം നേടുന്നതിനായി അഞ്ച് ഫോര്‍മുലേഷനുകളില്‍ ഓരോന്നിനും പുതുക്കിയ ഫോര്‍മുലേഷന്‍ ഷീറ്റുകളും ലേബല്‍ ക്ലെയിമുകളും സമര്‍പ്പിക്കാന്‍ പതഞ്ജലിയോട് അഥോറിറ്റി ആവശ്യപ്പെട്ടിരിക്കുകയാണ്. അഥോറിറ്റിയുടെ അംഗീകാരം ലഭിച്ച പരസ്യങ്ങള്‍ മാത്രമേ കമ്ബനി ഭാവിയില്‍ പ്രചരിപ്പിക്കാവൂ എന്നും അല്ലെങ്കില്‍ മരുന്നുകളുടെ നിര്‍മ്മാണ ലൈസന്‍സ് റദ്ദാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഹൃദയസംബന്ധമായ രോഗങ്ങളില്‍ നിന്ന് സംരക്ഷണം വാഗ്ദാനം ചെയ്ത പതഞ്ജലിയുടെ ‘ലിപിഡോം’ മരുന്നിന്റെ പരസ്യം ഗുരുതര തെറ്റിദ്ധരിപ്പിക്കലാണെന്ന് കെ.വി ബാബു നേരത്തെ പരാതിപ്പെട്ടിരുന്നു. ലിപിഡോം ഒരാഴ്ച സേവിക്കുന്നതിലൂടെ കൊളസ്‌ട്രോള്‍ കുറയുമെന്നും അതുവഴി ഹൃദയ രോഗങ്ങള്‍, രക്തസമ്മര്‍ദം, പക്ഷാഘാതം എന്നിവയില്‍ നിന്ന് സംരക്ഷണം ലഭിക്കുമെന്നുമാണ് പരസ്യത്തില്‍ പതഞ്ജലി അവകാശപ്പെട്ടത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമിറക്കിയാല്‍ നിര്‍മ്മാതാക്കള്‍, പരസ്യദാതാക്കള്‍, പരസ്യം പ്രചരിപ്പിക്കുന്നവര്‍ എന്നിവര്‍ക്ക് 10 ലക്ഷം രൂപ പിഴ ചുമത്താന്‍ സിസിപിഎ മാര്‍ഗനിര്‍ദ്ദേശമിറക്കിയിട്ടുണ്ട്. നിയമലംഘനം ആവര്‍ത്തിച്ചാല്‍ 50 ലക്ഷം രൂപ പിഴ ചുമത്താം. പരസ്യങ്ങള്‍ക്ക് നിരോധനമുള്ള വിഭാഗങ്ങളില്‍പ്പെടുന്ന മരുന്നുകളുടെ പരസ്യങ്ങളാണ് പ്രമുഖ മാധ്യമങ്ങളിലൂടെ നല്‍കിയതെന്നാണ് ഡോ. ബാബു പരാതിയില്‍ ചൂണ്ടിക്കാട്ടിയത്.